പത്തു മിനിറ്റുകൊണ്ട് ഡെലിവറി, ആ വാഗ്‌ദാനം ഇനി വേണ്ട; ഇ-കോമേഴ്‌സ് പ്ലാറ്ഫോമുകൾക്ക് കർശന നിർദേശം നൽകി തൊഴിൽ മന്ത്രാലയം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 'പത്തു മിനിറ്റുകൊണ്ട് സാധനങ്ങൾ ഡെലിവറി' എന്ന് വാഗ്‌ദാനം ചെയ്യുന്ന ഇ-കോമേഴ്‌സ് പ്ലാറ്റുഫോമുകൾക്ക് കർശന നിർദേശവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം. പത്തു മിനിറ്റുകൊണ്ട് ഡെലിവറി വാഗ്‌ദാനം ചെയ്യുന്നത് ഇനി മുതൽ വേണ്ട എന്ന നിർദേശം ഇ-കോമേഴ്‌സ് പ്ലാറ്റുഫോമുകളെ അറിയിക്കാൻ യൂനിയൻ തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകി. സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനേക്കാൾ പ്രാധാന്യം തൊഴിലാളികളുടെ സുരക്ഷക്കാണെന്ന് ഊന്നിപ്പറഞ്ഞാണ് മന്ത്രി നിർദേശം നൽകിയത്.
സോമറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ഇ കോമേഴ്‌സ് പ്ലാറ്റുഫോമുകൾക്കാണ് തൊഴിൽ മന്ത്രാലയം നിർദേശം നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് ബ്ലിങ്കിറ്റ് അവരുടെ ടാഗ്‌ലൈനിൽ മാറ്റം വരുത്തിയിരുന്നു. 'പത്തു മിനിറ്റിനുള്ളിൽ 10,000ത്തിലധികം ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്നു' എന്നതിൽ നിന്ന് '30,000ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു' എന്നായിരുന്നു ബ്ലിങ്കിറ്റിന്റെ പുതിയ ടാഗ്‌ലൈൻ. ഇത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഇടപെടൽ.
സാമൂഹിക ക്ഷേമവും മികച്ച ശമ്പളവും ആവശ്യപ്പെട്ട് ഡിസംബർ 25ന് ഗിഗ് തൊഴിലാളികൾ സമരം നടത്തിയിരുന്നു. കൂടാതെ രാജ്യവ്യാപകമായി ഡിസംബർ 31നും ഗിഗ് തൊഴിലാളികൾ സമരം സംഘടിപ്പിച്ചു. മേൽ സൂചിപ്പിച്ച ആവശ്യങ്ങളെ കൂടാതെ സമയാധിഷ്ഠിത ഡെലിവറി ലക്ഷ്യങ്ങൾ ഏകപക്ഷീയമായി ഉപേക്ഷിക്കുക എന്നതും തൊഴിലാളികൾ ഉയർത്തിയ പ്രധാന ആവശ്യമായിരുന്നു. തുടർന്ന് സ്വിഗ്ഗി, സോമറ്റോ തുടങ്ങിയ ഇ കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ തൊഴിലാളികളുടെ ഇൻസെന്റീവിൽ വർധനവ് പ്രഖ്യാപിച്ചിരുന്നു.
2020ലെ സാമൂഹിക സുരക്ഷാ കോഡ് പ്രകാരം, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ഈ മാസം ആദ്യം തൊഴിൽ മന്ത്രാലയം നാല് ലേബർ കോഡുകൾക്കായുള്ള കരട് നിയമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഗിഗ് തൊഴിലാളികളുടെ മിനിമം വേതനം, ആരോഗ്യം, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ ഒന്ന് മുതൽ, നാല് ലേബർ കോഡുകളുടെ മുഴുവൻ പാക്കേജും പുറത്തിറക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

