Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ അജണ്ടക്കെതിരെ...

മോദിയുടെ അജണ്ടക്കെതിരെ ആഞ്ഞടിച്ച് സോണിയ; മണ്ഡല പുനർനിർണയ നീക്കം അപകടകരം, ഭരണഘടനാ വിരുദ്ധം

text_fields
bookmark_border
മോദിയുടെ അജണ്ടക്കെതിരെ ആഞ്ഞടിച്ച് സോണിയ; മണ്ഡല പുനർനിർണയ നീക്കം അപകടകരം, ഭരണഘടനാ വിരുദ്ധം
cancel

ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ പേരിൽ ഭരണഘടനാ വിരുദ്ധമായി മണ്ഡല പുനർ നിർണയം അടിച്ചേൽപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജണ്ടക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കാനുള്ള നീക്കം അങ്ങേയറ്റം അപകടകരവും ഭരണഘടനക്ക് മേലുള്ള കടന്നാക്രമണവുമാണെന്ന് സോണിയാ ഗാന്ധി മുന്നറിയിപ്പ് നൽകി.

33 ശതമാനം വനിതാ സംവരണം എന്നത് ഇതിനകം തീരുമാനമായ ഒന്നാണെന്നും ഏപ്രിൽ 16ലെ പ്രത്യേക സമ്മേളനത്തിലെ യഥാർഥ വിഷയം മണ്ഡല പുനർനിർണയമാണെന്നും ഓർമിപ്പിച്ച സോണിയ, ഭരണഘടനാ ഭേദഗതിയിലൂടെ മോദി തന്നെ 2023-ൽ കൊണ്ടുവന്ന ‘344-എ’ അനുഛേദത്തിൽ നിന്ന് ഇപ്പോൾ ‘യൂ ടേൺ’ അടിക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചു. ‘ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ലേഖനത്തിലാണ് സോണിയാഗാന്ധിയുടെ രൂക്ഷ വിമർശനം.

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോഴാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നതെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയല്ലാതെ മറ്റൊരു ലക്ഷ്യവും ഇതിനില്ല. ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് രാഷ്ട്രീയമായ തുല്യത പാലിച്ചാണ്. കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയവർക്കും ചെറിയ സംസ്ഥാനങ്ങൾക്കും ദോഷകരമായ തരത്തിലാവരുത്. മണ്ഡലങ്ങളുടെ ആനുപാതിക വർധനവ് അവർക്കുള്ള സ്വാധീനം നഷ്ടപ്പെടുത്താനിടയാക്കും.

സെൻസസും സെൻസസ് ആധാരമാക്കിയുള്ള മണ്ഡല പുനർനിർണയവും നടത്തിയ ശേഷം ലോക്സഭയിലും നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കാനാണ് 2023-ൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ഭരണഘടനാ ​ഭേദഗതിയിലൂടെ ‘344-എ’ എന്ന അനുഛേദം എഴുതിച്ചേർത്തത്. ഇത് പ്രതിപക്ഷം ആവശ്യപ്പെട്ടതല്ല. ഇതിനൊന്നും കാത്തുനിൽക്കാതെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടേ വനിതാ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്. എന്നിട്ടിപ്പോൾ അന്ന് കൊണ്ടുവന്ന ‘344-എ’ ഭേദഗതി ചെയ്യണമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘യൂ ടേൺ’ അടിക്കുന്നതെന്തുകൊണ്ടാണെന്ന് സോണിയാ ഗാന്ധി ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 29ന് ശേഷം വനിതാ ബില്ലിനായി സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്ന് ഒന്നല്ല, മൂന്ന് പ്രാവശ്യമാണ് പ്രതിപക്ഷം രേഖാമൂലം ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാതെ ഏകപക്ഷീയമായി പ്രസ്താവനകൾ നടത്തിയും അഭിപ്രായങ്ങൾ എഴുതിയും ‘തന്റെ വഴിയാണ് ഉന്നത വഴി’ എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ജൂലൈ മധ്യത്തോടെ പാർലമെന്റിന്റെ വർഷകാല സ​മ്മേളനം ആരംഭിക്കാനിരിക്കുകയാണ്. ഏപ്രിൽ 29ന് ശേഷം സർവകക്ഷി യോഗം വിളിച്ച് തങ്ങളു​​ദ്ദേശിക്കുന്നത് പ്രതിപക്ഷവുമായി ചർച്ച ചെയ്ത് ഭരണഘടനാ ഭേദഗതി വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നുവെന്ന് കരുതി ആകാശം ഇടിഞ്ഞുവീഴില്ല.

ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും 33 ശതമാനം വനിതാ സംവരണം ​കൊണ്ടുവരാൻ 1993 ഏപ്രിലിലും ജൂണിലുമായി ഭരണഘടനയുടെ 73, 74 ഭേദഗതികൾ പാർലമെന്റ് പാസാക്കിയത് അഞ്ച് വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ്.

16ന് ചേരുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച് രേഖാമൂലം ഒരറിയിപ്പും ഇതുവരെ ഒരു എം.പിക്കും ലഭിച്ചിട്ടില്ല. മണ്ഡല പുനർ നിർണയമാണ് അജണ്ടയെന്നാണ് മനസിലാക്കുന്നത്. മണ്ഡല പുനർ നിർണയം സെൻസസ് അടിസ്ഥാനമാക്കി മാത്രം നടത്തേണ്ടതാണ്. ജാതിക്കണക്ക് എടുത്താൽ സെൻസസ് വൈകുമെന്ന പ്രചാരണം തെറ്റാണ്. ജാതി സെൻസസ് വീണ്ടും വൈകിപ്പിക്കാനുള്ള നീക്കമാണ് മോദിയു​ടേതെന്നും സോണിയ വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisonia gandhiWomen ReservationDelimitation
News Summary - Delimitation, Not Women's Reservation, Real issue: Sonia Gandhi against narendra modi
Next Story