മദ്യ റാക്കറ്റിനെ പിടികൂടാൻ സഹായിച്ച സ്ത്രീയെ മർദ്ദിച്ച്, നഗ്നയാക്കി നടത്തിച്ചു
text_fieldsന്യൂഡൽഹി: വ്യാജമദ്യ റാക്കറ്റിനെ പിടികൂടാൻ സഹായിച്ച സ്ത്രീയെ നഗ്നയാക്കി നടത്തിച്ചെന്ന് പരാതി. ഡൽഹിയിലെ നരേലയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കള്ളവാറ്റുകാരെ സഹായിക്കുന്ന പ്രദേശത്തെ സ്ത്രീകളടക്കമുള്ളവരാണ് സ്ത്രീയെ മർദ്ദിച്ചവശയാക്കി വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കി നടത്തിച്ചത്.
'ഞെട്ടലുളവാക്കുന്നതും നാണം കെട്ടതും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ ഇടപെടണമെന്നും റാക്കറ്റിനുവേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന പ്രാദേശിക പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേസിൽ ഉൾപ്പെട്ട സ്ത്രീകൾക്ക് നേരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരിശോധനക്കിടെ നരേല പ്രദേശത്തെ വ്യാജ മദ്യം വിൽപ്പനയെക്കുറിച്ച് പൊലീസിനേയും ഡൽഹി വനിത കമ്മീഷനെയും സഹായിച്ച സ്ത്രീയെ നിരവധി പേർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. 25ലധികം പേരടങ്ങുന്ന സംഘം ഇരുമ്പുവടികളുപയോഗിച്ചാണ് ആക്രമിച്ചത്.
വസ്ത്രങ്ങൾ കീറിക്കളഞ്ഞ് നഗ്നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മുഴുവൻ പകർത്തിയ ക്രിമിനലുകൾ ഇത് പ്രദേശത്ത് പ്രചരിപ്പിച്ചിട്ടുമുണ്ട്.
നരേലയിൽ പൂർണ അരാജകത്വമാണെന്നും നിയമത്തെ ആർക്കും തെല്ലും ഭയമില്ലെന്നും പൊലീസ് നിഷ്ക്രിയരാണെന്നുമാണ് സംഭവം തെളിയിക്കുന്നതെന്നും സ്വാതി പറഞ്ഞു.
മദ്യ റാക്കറ്റിനെതിരെ ശബ്ദമുയർത്തരുതെന്ന് അക്രമികൾ തന്നോട് ആവശ്യപ്പെട്ടതായി അക്രമത്തിനിരയായ സ്ത്രീ പറഞ്ഞു. തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് സ്വാതിയായാലും മറ്റാരായാലും ഇതുതന്നെയായിരിക്കും അനുഭവമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായി അക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞു. സ്വാതി മലിവാൽ തനെ ട്വിറ്ററിലൂടെയാണ് ഇവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഇക്കാര്യത്തിൽ എന്ത് നടപടിയെടുത്തുവെന്ന് വനിത കമിഷന് മുന്നിൽ ഹാജരായി വിശദീകരിക്കണമെന്ന് രോഹിണി ജില്ലയിലെ പൊലീസ് സുപ്രണ്ടിനോട് സ്വാതി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
