ഡൽഹി: കുടിവെള്ളത്തിലും പോര്
text_fieldsന്യൂഡൽഹി: കുടിവെള്ളത്തിൽ ബി.ജെ.പി വിഷം കലക്കുന്നുവെന്ന പ്രസ്താവനയിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്.
കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യമുന്നയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരം പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് പരാതി നൽകിയശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. കെജ്രിവാളിന്റെ സമീപനം ജനാധിപത്യത്തിന് നല്ലതല്ലെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം.
വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കവെയാണ് ഡൽഹിയിൽ കുടിവെള്ളത്തിലും പോര് കനക്കുന്നത്. ഡൽഹി നിവാസികളുടെ കുടിവെള്ളത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം കലക്കുന്നുവെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഇതിന് പിന്നാലെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് ഡൽഹി ജലബോർഡ് സി.ഇ.ഒ രംഗത്തെത്തിയിരുന്നു.
അയൽ സംസ്ഥാനങ്ങളുമായി ബന്ധം വഷളാക്കാനേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ എന്ന ഡൽഹി ജലബോർഡ് സി.ഇ.ഒയുടെ പരാമർശമാണ് ബി.ജെ.പി ആയുധമാക്കുന്നത്.
അതിഷിക്കെതിരായ സമൻസ് റദ്ദാക്കി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരായ ബി.ജെ.പി നേതാവിന്റെ അപകീർത്തി കേസിലുള്ള മജിസ്ട്രേറ്റ് കോടതി സമൻസ് റദ്ദാക്കി ഡൽഹി കോടതി. അപകീർത്തികരം എന്ന് ആരോപിക്കുന്ന സംഗതി പരാതിക്കാരനെതിരല്ലെന്നും ബി.ജെ.പിക്കെതിരാണെന്നുമുള്ള അതിഷിയുടെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

