ഡൽഹി ജലക്ഷാമം; മന്ത്രി അതിഷി മർലേനയുടെ അനിശ്ചിതകാല നിരാഹാരം ഇന്ന് മുതൽ
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അതിരൂക്ഷ ജലക്ഷാമത്തിൽ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി സർക്കാർ. ജലവിഭവ മന്ത്രിയായ അതിഷി മർലേന ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഗാന്ധി സമാധിയായ രാജ്ഘട്ടിൽ പ്രാർഥന നടത്തിയ ശേഷം ഉച്ചക്ക് 12 മണിയോടെ ജംഗപുരയിലെ ഭോഗലിലാണ് നിരാഹാര സമരം ആരംഭിക്കുക. കുടിവെള്ള ക്ഷാമത്തിൽ കേന്ദ്ര സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് നിരാഹാര സമരം.
ജലക്ഷാമം രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ജൂൺ 19നാണ് മന്ത്രി അതിഷി മർലേന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
28 ലക്ഷം പേരാണ് പ്രതിസന്ധി നേരിടുന്നതെന്നും ഡൽഹിയിലേക്ക് ദിനംപ്രതി 613 എം.ജി.ഡി വെള്ളം വിട്ടുനൽകേണ്ട സാഹചര്യത്തിൽ 18-ാം തീയതി ഹരിയാന നൽകിയത് 513 എം.ജി.ഡി വെള്ളം മാത്രമാണെന്നും അതിഷി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശ്, ഹരിയാന സർക്കാരുകൾ അധിക വെള്ളം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഡൽഹിക്ക് നൽകാൻ അധിക വെള്ളമില്ലെന്നാണ് ഹിമാചൽ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

