ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല പ്രഫസർ രത്തൻ ലാലിനെ ജാമ്യത്തിൽ വിട്ടു. ഹിന്ദു കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറും ദലിത് ആക്ടിവിസ്റ്റുമായ രത്തന്‍ ലാലിനെയാണ് വെള്ളിയാഴ്ച രാത്രി ഡൽഹി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച തീസ്ഹസാരി കോടതിയിൽ ഹാജരാക്കിയ പൊലീസ് 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചു. സമൂഹത്തില്‍ മതവിദ്വേഷം പരത്താന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിന്‍ഡാലിന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ഡൽഹി സർവകലാശാല അധ്യാപകരും വിദ്യാർഥികളും നോര്‍ത്ത് ഡല്‍ഹി സൈബർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.
ചൊവ്വാഴ്ചയാണ് രത്തന്ലാലിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ഭീഷണി ഉണ്ടായിട്ടും പോസ്റ്റ് പിൻവലിക്കാൻ രത്തൻലാൽ തയാറായിരുന്നില്ല. ഇന്ത്യയില്‍ എന്തിനെക്കുറിച്ചു സംസാരിച്ചാലും ആരുടെയെങ്കിലുമൊക്കെ വികാരം വ്രണപ്പെടുന്ന അവസ്ഥയാണുള്ളത്. താനൊരു ചരിത്രകാരന്‍കൂടിയാണ്. ആ നിലക്ക് ഇതിനു മുമ്പും പല നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. വളരെ മാന്യമായ ഭാഷയില്തന്നെയാണ് വിഷയം ട്വീറ്റ് ചെയ്തത്.
തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും രത്തൻ ലാൽ പ്രതികരിച്ചു. 'അംബേദ്കര്നാമ' എന്ന വാര്‍ത്ത പോര്‍ട്ടലിന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ് രത്തൻലാൽ. രത്തന്‍ ലാലിന്റെ അറസ്റ്റിനെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അപലപിച്ചു.