Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡപകടത്തിൽപ്പെട്ടവരെ...

റോഡപകടത്തിൽപ്പെട്ടവരെ സഹായിച്ചാൽ 25,000 രൂപ; നിയമക്കുരുക്കുകളെ ഭയപ്പെടേണ്ടതില്ലെന്ന് ഡൽഹി സർക്കാർ

text_fields
bookmark_border
റോഡപകടത്തിൽപ്പെട്ടവരെ സഹായിച്ചാൽ 25,000 രൂപ; നിയമക്കുരുക്കുകളെ ഭയപ്പെടേണ്ടതില്ലെന്ന് ഡൽഹി സർക്കാർ
cancel

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നവർക്ക് സർക്കാർ 25,000 രൂപ പ്രതിഫലം നൽകും. കേന്ദ്ര സർക്കാരിന്റെ 'രാഹ്-വീർ' പദ്ധതി തലസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. അപകടം നടന്നതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഈ സമയത്ത് ചികിത്സ ലഭ്യമാക്കിയാൽ പല ജീവനുകളും രക്ഷിക്കാനാകും. അപകടം കണ്ടുനിൽക്കുന്നവർ നിയമക്കുരുക്കുകളെ ഭയപ്പെടാതെ സഹായത്തിന് മുന്നോട്ടുവരുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഗോൾഡൻ അവറിനുള്ളിൽ ആശുപത്രിയിലോ ട്രോമ സെന്ററിലോ എത്തിക്കുന്ന ആർക്കും ഈ തുകക്ക് അർഹതയുണ്ട്. 25,000 രൂപക്ക് പുറമെ ഒരു സർട്ടിഫിക്കറ്റും ഇവർക്ക് ലഭിക്കും. ഒരു അപകടത്തിൽ ഒന്നിലധികം പേരെ രക്ഷിച്ചാലും ഒരാൾക്ക് പരമാവധി 25,000 രൂപയായിരിക്കും ലഭിക്കുക. കൂടാതെ വർഷത്തിൽ മികച്ച രീതിയിൽ സേവനം ചെയ്യുന്ന 10 പേരെ തിരഞ്ഞെടുത്ത് 1 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരവും നൽകും. ‘നിയമപരമായ നൂലാമാലകളോ പൊലീസ് നടപടികളോ ഭയന്നാണ് പലരും സഹായത്തിന് മടിക്കുന്നത്. ഈ പദ്ധതി അത്തരം ആശങ്കകൾ അകറ്റുകയും പൗരന്മാരെ സഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും’ എന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ചീഫ് മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരടങ്ങുന്ന സമിതി കേസുകൾ പരിശോധിച്ച് ഉറപ്പുവരുത്തും. തുടർന്ന് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ഈ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ ഓരോ ജില്ലയിലും ഒരു ഡിസ്ട്രിക്റ്റ് ലെവൽ ഇവാലുവേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിൽ പ്രധാനമായും നാല് ഉദ്യോഗസ്ഥരാണുള്ളത്. അപകടത്തിൽപ്പെട്ടയാളെ പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന മെഡിക്കോ ലീഗൽ കേസ് രേഖകളാണ് പ്രാഥമിക തെളിവ്. സഹായിച്ച വ്യക്തിയുടെ പേരും വിവരങ്ങളും ആശുപത്രി അധികൃതർ രേഖപ്പെടുത്തും.

അപകടം നടന്ന സ്ഥലം, സമയം, സാഹചര്യം എന്നിവ പൊലീസ് പരിശോധിക്കും. സഹായിച്ച വ്യക്തിക്ക് അപകടവുമായി നേരിട്ട് ബന്ധമില്ലെന്നും അവർ ഉറപ്പുവരുത്തും. നിസ്സാര പരിക്കേറ്റവരെയല്ല, മറിച്ച് അടിയന്തര ശസ്ത്രക്രിയയോ തീവ്രപരിചരണമോ വേണ്ടിവരുന്ന ഗുരുതരമായ അപകടങ്ങളിൽ സഹായിക്കുന്നവർക്കാണ് മുൻഗണന. ഒന്നിലധികം പേർ ചേർന്ന് ഒരാളെ രക്ഷിച്ചാൽ, സമിതി തീരുമാനിക്കുന്നതനുസരിച്ച് സമ്മാനത്തുക അവർക്കിടയിൽ വീതിച്ചു നൽകും. പ്രതിഫലത്തിനായി വ്യാജ അപകടങ്ങൾ സൃഷ്ടിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകും.

2019ലെ മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ 'ഗുഡ് സമരിറ്റൻ' ചട്ടങ്ങൾ പ്രകാരം സഹായിക്കാൻ മുന്നോട്ടുവരുന്നവർക്ക് പൂർണ്ണ നിയമ പരിരക്ഷയുണ്ടാകും. പൊലീസോ മറ്റ് അധികൃതരോ ഇവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കില്ല. റോഡപകടങ്ങളിൽ പരിക്കേറ്റവരെ സഹായിക്കാൻ മുന്നോട്ടുവരുന്ന വ്യക്തികളെ നിയമക്കുരുക്കുകളിൽ നിന്നും പൊലീസ് നടപടികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് 'ഗുഡ് സമരിറ്റൻ'. സഹായിക്കാൻ മനസുണ്ടായിട്ടും പിന്നീട് കോടതിയും പൊലീസ് സ്റ്റേഷനും കയറേണ്ടി വരുമോ എന്ന് ഭയന്ന് മാറിനിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi governmentrewardRoad AccidentRekha Gupta
News Summary - Delhi To Offer Rs 25,000 Reward For Helping Road Accident Victims
Next Story