Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോഡി ക്യാമുമായി ഡൽഹി പൊലീസ്; ‘സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു’വെന്ന് സിജെപി, ജന്തർ മന്തറിൽ കനത്ത സുരക്ഷ

text_fields
bookmark_border
ബോഡി ക്യാമുമായി ഡൽഹി പൊലീസ്; ‘സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു’വെന്ന് സിജെപി, ജന്തർ മന്തറിൽ കനത്ത സുരക്ഷ
cancel

ന്യൂഡൽഹി: സിജെപിയുടെ ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് കനത്ത സുരക്ഷാ വിന്യാസം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ഇലക്ടറൽ റോൾ എസ്.ഐ.ആറിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിഷേധം.

എന്നാൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടും മുന്നോട്ട് പോകാനാണ് സിജെപി തീരുമാനം. ഇതോടെ മണ്ഡി ഹൗസ്, ഫിറോസ് ഷാ റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ പൊലീസ് ബഹുനില ബാരിക്കേഡുകൾ സ്ഥാപിക്കുകയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിക്കുകയും ചെയ്തു.

കൂടാതെ ട്രെയിനുകളും മെട്രോയും റദ്ദാക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 46 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായാണ് വിവരം. ഏകദേശം 250 ഓളം ട്രെയിനുകളും റദ്ദാക്കിയിട്ടുമുണ്ട്. തലസ്ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 35,000ലേറെ ഡൽഹി പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇത്തവണ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ യൂണിഫോമിൽ ബോഡി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ഇരുട്ടിലും ദൃശ്യങ്ങൾ പതിയുന്ന ക്യാമറകളാണിവ. ആരോപണങ്ങൾ ഒഴിവാക്കാനാണ് ഇതെന്നാണ് പൊലീസിന്റെ വിശദീകരണം. കയ്യാങ്കളിയുണ്ടായാൽ പഴി കേൾക്കുന്നത് പൊലീസാണ്. എന്ത് സംഭവിച്ചാലും ക്യാമറയിൽ തെളിയും. ഞങ്ങൾക്കും ജനങ്ങൾക്കും സംരക്ഷണമാണിതെന്നും പൊലീസ് പറഞ്ഞു. പ്രത്യേക പിങ്ക് ഫോഴ്സിനെയും രംഗത്തിറക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് അധിക വനിതാ പൊലീസുകാരെയും എത്തിച്ചിട്ടുണ്ട്. കേന്ദ്ര സേനക്ക് ആയുധം നൽകരുതെന്നും ലാത്തി മാത്രമേ ഉപയോഗിക്കാവൂ എന്നും വാക്കുതർക്കം ഒഴിവാക്കണമെന്നും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കസ്റ്റഡിയിലെടുക്കുന്നവരെ ഛത്രസാൽ സ്റ്റേഡിയം, രാജീവ് ഗാന്ധി സ്റ്റേഡിയം, യമുന സ്പോർട്സ് കോംപ്ലക്സ്, സൂരജ്മൽ സ്റ്റേഡിയം, ദൗലത്പൂർ, പാണ്ഡ്രാവൽ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സെന്ററുകൾ ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലേക്ക് മാറ്റും. മധ്യ ഡൽഹിയിൽ മുഖം തിരിച്ചറിയൽ സംവിധാനം, അധിക സിസിടിവി, ഡ്രോണുകൾ, റൂഫ്‌ടോപ് നിരീക്ഷണം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം വൻ സുരക്ഷാ വിന്യാസം ഒരുക്കിയത് സർക്കാർ ഭയന്നിട്ടാണെന്ന് സിജെപി ആരോപിച്ചു. റെയിൽവേയും മെട്രോയും ഇന്റർനെറ്റും അടച്ചു. കശ്മീരിൽ നിന്നും നക്സൽ മേഖലകളിൽ നിന്നും സേനയെ കൊണ്ടുവന്ന് ഡൽഹിയിൽ വിന്യസിച്ചു. സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണോ മോദിയും അമിത് ഷായുമെന്നും പ്രതിഷേധം തങ്ങളുടെ മൗലികാവകാശമാണെന്നും ആർട്ടിക്കിൾ 19 തങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നൽകുന്നുവെന്നും സിജെപി നേതാവ് അഭിജിത്ത് ദീപ്കെ പറഞ്ഞു. അറസ്റ്റ് ചെയ്താലും യുഎപിഎ ചുമത്തിയാലും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൻപഥ് മേഖലയിൽ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Tightens Protest Security
Next Story