ന്യൂഡൽഹി: ഡൽഹിയിൽ 18കാരനായ വിദ്യാർഥിയെ തല്ലിക്കൊന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തെ തുടർന്നാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഡൽഹി ആദർശ് നഗർ സ്വദേശിയായ രാഹുലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് മിനിറ്റുകൾക്ക് മുമ്പ് രാഹുൽ ഒരു പെൺകുട്ടിയുമായി നടന്നു പോകുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ഇവരുടെ വീട്ടുകാർക്ക് ഇഷ്മായിരുന്നില്ല. പെൺകുട്ടിയുടെ സഹോദരനും കുടുംബാംഗങ്ങളും ചേർന്നാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് സീനിയർ പൊലീസ് ഓഫീസർ വിജയാന്ത ആര്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ബി.എ രണ്ടാം വർഷ വിദ്യാർഥിയായ രാഹുൽ വീടുകളിൽ പോയി ട്യൂഷൻ എടുത്തിരുന്നതായി പിതാവ് പറഞ്ഞു. പത്തോളം പേർ ചേർന്നാണ് മകനെ ആക്രമിച്ചതെന്നും നാട്ടുകാർ തടഞ്ഞിട്ടും അവർ ആക്രമണം തുടർന്നുവെന്നും രാഹുലിെൻറ പിതാവ് വ്യക്തമാക്കി.