ഡൽഹി: അഴിമതിക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsന്യൂഡൽഹി: 26 വർഷത്തെ ഇടവേളക്കുശേഷം ഡൽഹിയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ, ആദ്യ മന്ത്രിസഭാ യോഗത്തിൽ അഴിമതിക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ബി.ജെ.പി. അഴിമതി വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അഴിമതിക്കാരെ വെറുതെ വിടില്ലെന്നും ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.
ബി.ജെ.പിയുടെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം എക്കാലത്തും കേന്ദ്ര നേതൃത്വത്തിനാണ്. ആ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ആദ്യ മന്ത്രിസഭാ യോഗത്തിൽ സി.എ.ജി റിപ്പോർട്ട് അവതരിപ്പിക്കും. ഡൽഹിയുടെ വികസനത്തിനായി വോട്ടർമാർ ബി.ജെ.പിയെ പിന്തുണച്ചു. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ഡൽഹി ബി.ജെ.പി തൂത്തുവാരി. പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയെയും അദ്ദേഹം പ്രശംസിച്ചു.
തോൽവിക്കിടെ ആഘോഷം; അതിഷിക്കെതിരെ സ്വാതി മലിവാൾ
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ മുതിർന്ന നേതാക്കൾ തോൽക്കുകയും പാർട്ടിക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തിട്ടും തന്റെ വിജയം ആഘോഷിച്ച മുഖ്യമന്ത്രി അതിഷിയെ വിമർശിച്ച് പാർട്ടി വിമത എം.പി സ്വാതി മലിവാൾ.
വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്‌ത് ആഘോഷിക്കുന്ന അതിഷിയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചായിരുന്നു സ്വാതി മലിവാളിന്റെ വിമർശനം. ‘എന്തൊരു നാണം കെട്ട ആഘോഷമാണിത്? പാർട്ടി പരാജയപ്പെട്ടു, മുതിർന്ന നേതാക്കളെല്ലാം തോറ്റു. അതിഷി ഇങ്ങനെ ആഘോഷിക്കുന്നു’ -അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
തോൽവിക്കു പിന്നാലെ പാർട്ടിയെ പരിഹസിച്ചും സ്വാതി മലിവാൾ രംഗത്തുവന്നിരുന്നു. ജല മലിനീകരണം, വായു മലിനീകരണം, തെരുവുകളുടെ ദയനീയാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടുതന്നെ കെജ്രിവാൾ തോറ്റു. പ്രതീക്ഷയോടെയാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തിരുന്നതെന്നും സ്വാതി സമൂഹ മാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

