ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
text_fieldsന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജയ്ത്പൂരിലെ ഹരി നഗറിലാണ് ദാരുണസംഭവം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.
മരിച്ച രണ്ട് പെൺകുട്ടികൾക്കും ഏഴ് വയസ്സാണ് പ്രായം. രവി ബുൾ (27), റുബീന (25), സഫികുൽ (27), മുട്ടൂസ് (50), ഡോളി (28) എന്നിവരാണ് മറ്റുള്ളവർ. 25കാരനായ ഹസിബുൾ എന്നയാൾക്ക് പരിക്കേറ്റു. രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ തകർന്ന മതിലിനടിയിൽ എട്ട് പേരും കുടുങ്ങി പോകുകയായിരുന്നു.
എട്ടുപേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ഏഴ് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്തെ പഴയ ക്ഷേത്രത്തിനടുത്ത് ആക്രി കച്ചവടം നടത്തുന്നവർ താമസിക്കുന്ന ഇടത്താണ് അപകടമുണ്ടായത്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ബാക്കിയുള്ളവരെ ഒഴിപ്പിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായികനത്ത മഴ തുടരുകയാണ്. വസന്ത് കുഞ്ച്, ആർ.കെ. പുരം, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. ശനിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ആഗസ്റ്റ് 12 വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

