Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടങ്ങൾ തുടർകഥയാവുന്നു; ഡൽഹിയിൽ മൂന്നാഴ്ചയ്ക്കിടെ നടന്നത് മൂന്ന് കെട്ടിട അപകടങ്ങൾ

text_fields
bookmark_border
അപകടങ്ങൾ തുടർകഥയാവുന്നു; ഡൽഹിയിൽ മൂന്നാഴ്ചയ്ക്കിടെ നടന്നത് മൂന്ന് കെട്ടിട അപകടങ്ങൾ
cancel
camera_alt

ഡൽഹിയിൽ തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടങ്ങൾ തകർന്നുവീണുള്ള അപകടങ്ങൾ തുടർക്കഥയാകുന്നു. മൂന്നാഴ്ചയ്ക്കിടെ മൂന്ന് കെട്ടിടങ്ങളാണ് നഗരത്തിൽ തകർന്നുവീണത്. ഏറ്റവും ഒടുവിൽ കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ രണ്ടുനില താമസക്കെട്ടിടം തകർന്നുവീണ് മൂന്ന് വയസുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം.

അപകടവിവരം ലഭിച്ചതിന് പിന്നാലെ ഡൽഹി ഫയർ സർവീസ്, പൊലീസ്, പ്രദേശവാസികൾ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആറുപേരെ പുറത്തെടുത്ത് ഡോ. ഹെഡ്ഗേവാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.

നവംബർ 15നായിരുന്നു ഇതിന് തൊട്ടുമുമ്പുള്ള അപകടം. മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ നിർമാണത്തിലിരുന്ന ഹോട്ടലിന്റെ ഒരു ഭാഗം തകർന്നുവീണ് എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടാം നിലയുടെ മേൽക്കൂര നിർമിക്കുന്നതിനിടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ താങ്ങുതൂണുകൾ നനഞ്ഞ നിലയിലായിരുന്നെന്നും കെട്ടിടത്തിന് ചരിവുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും കരാറുകാരനുമെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നവംബർ അഞ്ചിനായിരുന്നു മൂന്നാഴ്ചയ്ക്കിടയിലെ ആദ്യത്തെ അപകടം. പഴയ ഡൽഹിയിലെ ഹൗസ് ഖാസി മേഖലയിലെ ചൗരി ബസാറിന് സമീപം നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഡൽഹി പൊലീസ്, ദേശീയ ദുരന്തനിവാരണ സേന , ഫയർ സർവീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെയും മൂന്ന് കരാറുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പഴയ കെട്ടിടങ്ങളുടെ സുരക്ഷ, അനധികൃത നിർമാണങ്ങൾ, നിർമാണ ചട്ടങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകൾ എന്നിവ വീണ്ടും വലിയ ചർച്ചയാവുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Sees Third Building Collapse In Three Weeks
Next Story