വിലാപ നഗരം
text_fieldsഅർധസൈനിക വിഭാഗവും പൊലീസും റോന്തുചുറ്റിയിട്ടും വീടുകളിലേക്ക് മടങ്ങാനാകാതെ കലാപ ബാധിതരായ ആയിരങ്ങൾ. ചമൻ പാർക്ക്, വിജയ് നഗർ തുടങ്ങി നഗരത്തിെൻറ പല ഭാഗങ്ങളിലും ഭക്ഷണവും വസ്ത്രവും ലഭിക്കാതെ ദുരിതത്തിലാണിവർ. ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകളിൽ അഭയം തേടിയ നിരവധി പേരും ദുരിതത്തിലാണ്.
സംഘ്പരിവാർ ആക്രമണകാരികൾ നിയന്ത്രണത്തിലാക്കിയ ശിവ്വിഹാറിൽ നിന്നുള്ള 2000 - ലധികം പേർ ചമൻ പാർക്കിലെ മൂന്ന് വീടുകൾ ക്യാമ്പുകളാക്കിയിരിക്കുകയാണ്. ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ ജഗദീഷ് പ്രധാെൻറ നേതൃത്വത്തിൽ ഫെബ്രുവരി 23ന് അർധരാത്രി ആരംഭിച്ച ആക്രമണവും തീവെപ്പും തുടർന്നപ്പോൾ 24ന് പുലർച്ച ശിവ്വിഹാർ വിേട്ടാടിയവരാണിവർ. വിജയ് നഗറിലെ കമ്യൂണിറ്റി സെൻററിലും മറ്റുമായി ആയിരങ്ങളുണ്ട്.
അഭയം നൽകിയവരുടെ ജീവനും ഭീഷണി
നൂറുകണക്കിന് മനുഷ്യർ ജീവനുംകൊണ്ട് ഒാടുന്നത് കണ്ട് സ്വന്തം വീടിെൻറ വാതിൽ തുറന്നിട്ടയാളാണ് നഫീസ് അഹ്മദ്. 300 പേരാണ് നഫീസിെൻറ വീട്ടിലുള്ളത്. ആറു ദിവസമായിട്ടും ഇവർക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാനായിട്ടില്ല. അതേസമയം, അഭയം നൽകിയവരുടെ ജീവനും ഭീഷണിയിലാണെന്ന് നഫീസ് പറഞ്ഞു.
അഭയാർഥികളുടെ അന്നവും അപഹരിച്ചു
ചമൻ പാർക്കിൽ 2000- ലധികം പേർ അഭയം തേടിയതറിഞ്ഞ് തുർക്കുമാൻ ഗേറ്റിൽനിന്നും സീലംപുരിൽനിന്നും കൊടുത്തയച്ച ഭക്ഷണം പിടിച്ചെടുത്തും പൊലീസ് ക്രൂരത കാട്ടി. പകുതി മാത്രമാണ് തിരിച്ചു നൽകിയത്. അഭയാർഥികൾക്കുള്ള ഭക്ഷണം പിടിച്ചെടുത്തതുമൂലം വെള്ളിയാഴ്ച രാത്രി പലരും പട്ടിണിയിലായതായി വളൻറിയർമാർ പറഞ്ഞു. കലാപബാധിതർക്ക് ഭക്ഷണം നൽകുന്നതിന് ഡൽഹി സർക്കാർ ഒന്നും ചെയ്തിട്ടില്ല.
കലാപ നാളിലണിഞ്ഞ വസ്ത്രത്തിൽ ആറുനാൾ
വീടുപേക്ഷിച്ച ആയിരങ്ങൾ ആറു ദിവസമായി ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് കഴിയുന്നത്. തിങ്കളാഴ്ച അഭയം തേടിയെത്തിയപ്പോഴുള്ള വസ്ത്രത്തിലാണ് എല്ലാവരും. കലാപബാധിതരുള്ള വിവരമറിഞ്ഞ് പലരും വസ്ത്രങ്ങളുമായി വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ ആധിക്യംമൂലം പിടിവലിയാണ്.
കെജ്രിവാളിനെ വിശ്വാസമില്ല; ജനം നൈറ്റ് ഷെൽട്ടറിലേക്കില്ല
കലാപ നാളുകളിൽ നിസ്സംഗത പാലിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൽ വിശ്വാസം നഷ്ടപ്പെട്ടതിെൻറ ഉദാഹരണങ്ങളായി ആപ് സർക്കാറിെൻറ നൈറ്റ് ഷെൽട്ടറുകൾ. കലാപബാധിതർ സ്വകാര്യ ക്യാമ്പുകളിൽ ശ്വാസം മുട്ടിയിട്ടും നൈറ്റ് ഷെൽട്ടറുകളിലേക്ക് പോയില്ല. ഡൽഹിയിൽ ഒമ്പത് ഷെൽട്ടറുകൾ തുറന്ന് വെച്ചിട്ടും ആളുകളുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലെന്ന് ശനിയാഴ്ച വൈകീട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു. ഇതിനാൽ അവരെ സ്വന്തം വീടുകളിലേക്ക് മടക്കിയയക്കാൻ നോക്കുകയാണെന്നും അയൽക്കാരെക്കൊണ്ട് ഇവരെ മടക്കി വിളിപ്പിക്കുന്നുണ്ടെന്നും െകജ്രിവാൾ പറഞ്ഞു.
ഡൽഹി: മരണം 43
മൂന്നു പതിറ്റാണ്ടിനിടയിൽ ഡൽഹി കണ്ട ഏറ്റവും വലിയ വർഗീയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. ശിവ് വിഹാറിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തിയതോടെയാണ് ഒൗദ്യോഗിക കണക്കുകൾ പ്രകാരം മരണം 43 ആയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കലാപത്തിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 167 എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തുവെന്നും ഡൽഹി െപാലീസ് അറിയിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാരത്തിനുള്ള 69 അപേക്ഷ ഫോറങ്ങൾ ഇതുവരെ ലഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
