ഡൽഹി വംശീയാതിക്രമം: ഇരകളെ മർദിച്ച് ദേശീയഗാനം ചൊല്ലിപ്പിച്ച പൊലീസുകാർക്കെതിരായ ഉത്തരവിന് സ്റ്റേ
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിനെതിരെ 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വംശീയാതിക്രമത്തിൽ പരിക്കേറ്റ് മൃതപ്രായരായ മുസ്‍ലിം യുവാക്കളെ നിർബന്ധിച്ച് ദേശീയഗാനം ചൊല്ലിപ്പിക്കുകയും വന്ദേമാതരം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ. കർക്കർഡുമ അഡീഷനൽ സെഷൻസ് കോടതിയാണ് സ്റ്റേ ചെയ്തത്. ഹരജിക്കാരുടെ ഭാഗം കേൾക്കാതെയാണ് സ്റ്റേ.
പൊലീസിന്റെ വിദ്വേഷ നടപടിക്ക് ഇരയായ മുഹമ്മദ് വസീമിന്റെ പരാതിയിൽ ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫിസർ ശൈലേന്ദർ തോമറിനും വിദ്വേഷ കുറ്റത്തിൽ ഉൾപ്പെട്ട മറ്റു പൊലീസുകാർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജനുവരി 18നാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് വിദ്വേഷ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മതവികാരം വ്രണപ്പെടുത്തുക, മനഃപൂര്‍വം അപായപ്പെടുത്തുക, അന്യായ തടവ് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.
മേൽകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമായിരുന്നുവെന്നും നടപടി അതിശയിപ്പിക്കുന്നതാണെന്നും പരാതിക്കാരനായ വസീമിന്റെ അഭിഭാഷകൻ മഹ്മൂദ് പ്രാച പ്രതികരിച്ചു. പരിക്കേറ്റ് നടക്കാൻപോലും കഴിയാതിരുന്ന അഞ്ച് മുസ്‍ലിം യുവാക്കളെ പൊലീസ് മർദിക്കുന്നതും ദേശീയഗാനവും വന്ദേമാതരവും ചൊല്ലിക്കുന്നതുമായ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരിൽ 23 കാരനായ ഫൈസാൻ പിന്നീട് മരിച്ചു. ഈ കേസ് ഡൽഹി ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് വിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

