ഡൽഹി കലാപത്തിൽ പൊലീസിനെതിരെ കോടതി: ‘കെട്ടിച്ചമച്ച തെളിവുകൾ, മുൻകൂട്ടി നിശ്ചയിച്ച കുറ്റപത്രം’
text_fieldsന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ തെളിവുകൾ കെട്ടിച്ചമച്ച് മുൻകൂട്ടി നിശ്ചയിച്ച കുറ്റപത്രം സമർപ്പിക്കുകയാണ് ഡൽഹി പൊലീസ് ചെയ്തതെന്ന് വിചാരണ കോടതി കുറ്റപ്പെടുത്തി. പൊലീസ് ആരോപിച്ച പ്രതികൾ കുറ്റം ചെയ്തുവെന്ന സംശയംപോലും കോടതിക്കില്ലെന്ന് വ്യക്തമാക്കിയാണ് ആഖിൽ അഹ്മദ്, റാശിശ് ഖാൻ, ഇർശാദ് എന്നിവരെ അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല വെറുതെവിട്ടത്. കേസ് പുനരന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നിർദേശിച്ച് വിചാരണക്കോടതി കേസ് ഫയൽ ഡൽഹി പൊലീസിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ശരിയായ രീതിയിൽ പൂർണമായ അന്വേഷണം കലാപ കുറ്റകൃത്യത്തിൽ നടന്നിട്ടില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തെറ്റുകൾനിറഞ്ഞ യാന്ത്രികമായ കുറ്റപത്രം മുൻകൂട്ടി നിശ്ചയിച്ചതരത്തിൽ തയാറാക്കിയതാണ്. കുറ്റകൃത്യത്തിന്റെ തുടക്കത്തിലുണ്ടായ സംഭവങ്ങളെ മൂടിവെക്കുന്ന തരത്തിലുള്ള തുടർനടപടികളാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
ദയാൽപുർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കലാപക്കേസിലെ ഒരു എഫ്.ഐ.ആറുമായി നിരവധി പരാതികൾ കൂട്ടിച്ചേർക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തതെന്ന് കോടതി കുറ്റപ്പെടുത്തി. ഫാറൂഖ് അഹ്മദ്, ശഹ്ബാസ് മാലിക്, നദീം ഫാറൂഖ്, ജയ് ശങ്കർ ശർമ എന്നിവരുടെയെല്ലാം പരാതികൾ ആദ്യ എഫ്.ഐ.ആറുമായി കൂട്ടിച്ചേർത്തു. ഡൽഹി പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രത്തിൽ പ്രതികളായി നൽകിയ ആഖിൽ അഹ്മദ്, റാശിശ് ഖാൻ, ഇർശാദ് എന്നീ പേരുകൾ പൊലീസ് കോൺസ്റ്റബിൾ നൽകിയ മൊഴിയിലില്ല.
പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകൾ പരാമർശിച്ചേടത്തും അവരുടെ പേരുകളില്ല. വ്യത്യസ്ത സമയങ്ങളിൽ നടന്ന വ്യത്യസ്ത കുറ്റകൃത്യങ്ങളുടെ പരാതികൾ ഒരുപോലെയായത് അപൂർവമായ യാദൃച്ഛികതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് വ്യക്തികൾ ഒരുപോലെ സാക്ഷിമൊഴി നൽകിയതിൽനിന്ന് ഈ മൊഴികൾ കേസ് മൂടിവെക്കാൻ കൃത്രിമമായി കെട്ടിച്ചമച്ചതാകാൻ സാധ്യതയുണ്ടെന്നും കോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

