ന്യൂഡൽഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ആനിരാജ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സൽമാൻ ഖുർഷിദ് എന്നിവരെ ഡൽഹി വംശഹത്യ കേസിൽ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. കലാപത്തിന് 'ആഹ്വാനം ചെയ്തു സംസാരിച്ചു' എന്ന് കാണിച്ചാണ് ഡൽഹി പൊലീസ് പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
നേരത്തെ, യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍ എന്നിവരേയും ഡൽഹി കലാപ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വൃന്ദ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചു എന്നും പൊലീസ് കുറ്റപത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്.
നേരത്തെ, ഡല്‍ഹി വംശഹത്യയിൽ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാർഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിന് പിന്നാലെ
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവര്‍ക്കെതിരെയും ഡൽഹി പൊലീസ് കുറ്റപത്രം ചുമത്തിയിരുന്നു.
പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്‌റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കിയത്.