ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി മാറ്റി
text_fieldsന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഉമർ ഖാലിദ്, ശർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൾഫിഷ ഫാത്തിമ, ശിഫാഉർറഹ്മാൻ എന്നിവരുടെ ജാമ്യാപേക്ഷയിലെ വിധി പറയലാണ് മാറ്റിവെച്ചത്. സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈകോടതി ഇവരുടെ ജാമ്യപേക്ഷ തള്ളിയിരുന്നു.
ജാമ്യപേക്ഷയിൽ വാദം കേൾക്കൽ പൂർത്തിയായി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഈ കലാപം ആസൂത്രിതവും മുൻകൂട്ടി നിശ്ചയിച്ചതുമാണെന്ന് ഡൽഹി പൊലീസിന്‍റെ വാദം. ഡൽഹി കലാപം സ്വാഭാവിക കലാപമായിരുന്നില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആരോപണം.
എന്നാൽ കലാപത്തിനിടെ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പ്രേരണ നൽകിയെന്നതിന് തെളിവൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിലെ സൂത്രധാരർ എന്നാരോപിച്ചാണ് ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനും കലാപം സൃഷ്ടിച്ചതിനുമെതിരെയുള്ള കേസുകൾ ചുമത്തിയത്.
2020 ജനുവരി 28നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ശർജീൽ ഇമാം അറസ്റ്റിലാകുന്നത്. അതേ വർഷം ഫെബ്രുവരിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചു എന്നാരോപിച്ച് ഉമർ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. 2020ൽ ജാമിയ മിലിയ പ്രസംഗ കേസിൽ ശർജീൽ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസിൽ ജയിലിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

