ഡൽഹി കലാപകേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
text_fieldsന്യൂഡൽഹി: ഡൽഹി കലാപകേസിൽ ആക്ടിവിസ്റ്റും മുൻ ജെ.എൻ.യു വിദ്യാർഥിയുമായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിനാണ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്. ഡിസംബർ 16 മുതൽ 29 വരെയാണ് ജാമ്യം. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലാണ് ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഡിസംബർ 14 മുതൽ 29 വരെ ഇടക്കാല ജാമ്യം തേടിയാണ് ഉമർ ഖാലിദ് കർകർദൂമ കോടതിയെ സമീപിച്ചത്. ഡിസംബർ 27ന് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ചടങ്ങിൽ തന്റെ സാന്നിധ്യം അവിഭാജ്യമാണെന്നും ഉമർ ഖാലിദ് ജാമ്യ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2020 സെപ്തംബർ മുതൽ ഉമർ ഖാലിദ് ജയിലിലാണ്. വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപഗൂഢാലോചന കേസിൽ പ്രതിയായതിനെ തുടർന്നാണ് ഉമർ ഖാലിദ് ജയിലിലായത്. ചില ഉപാധികളോടെയാണ് ഉമർ ഖാലിദിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെ കാണരുതെന്നാണ് കോടതിയുടെ പ്രധാന ജാമ്യവ്യവസ്ഥ. നാട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ അന്വേഷണസംഘത്തിന് കൈമാറണമെന്നും ഈ ഫോൺ എപ്പോഴും ഓണായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിസംബർ 29ന് വൈകീട്ട് മുമ്പ് ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.നേരത്തെ ഡൽഹി കലാപകേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരുന്നു.
നേരത്തെ, സുപ്രിംകോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ വാദിച്ചിരുന്നു.
2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

