ചെങ്കോട്ട സ്ഫോടനം: രണ്ടുമരണം കൂടി
text_fieldsന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 15 ആയി. എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലിരുന്ന ലുക്മാൻ (50), വിനയ് പതക് (50) എന്നിവരാണ് മരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
അമീർ റാഷിദ് അലിഎൻ.ഐ.എ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡൽഹി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി പത്ത് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ചയാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി. സ്ഫോടനത്തിൽ ചാവേറായി എന്ന് കരുതുന്ന ഡോ. ഉമർ നബിയുമായി അമീർ റാഷിദ് ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ ആരോപണം.
അതേസമയം, ചെങ്കോട്ടക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. രണ്ട് 9എം.എം വെടിയുണ്ടകൾ സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. സവിശേഷ വിഭാഗങ്ങൾക്കും പ്രത്യേക അനുമതിയുള്ളവർക്കും മാത്രമാണ് ഈ വെടിയുണ്ടകൾ നൽകുന്നത്.
സ്ഥലത്ത് വിന്യസിക്കപ്പെട്ട സായുധവിഭാഗങ്ങളുടെ വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്നിരിക്കെ പ്രതികൾക്ക് എവിടെനിന്ന് ഇത് ലഭിച്ചുവെന്നാണ് അന്വേഷണം. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉമർ നബി സഞ്ചരിച്ച റൂട്ടുകളടക്കം അന്വേഷണവിധേയമാക്കുന്നുണ്ട്. ഫരീദാബാദിൽനിന്ന് പുറപ്പെട്ട് ഹരിയാനയിലെ നൂഹ് വഴി ഡൽഹിയിലെത്തിയതിനിടെ തങ്ങിയ സ്ഥലങ്ങൾ, ഫോൺ റെക്കോഡുകൾ, ടവർ ലൊക്കേഷൻ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. 50 കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പുനരാവിഷ്കരിക്കും.
അതിനിടെ, പ്രതികളായ മുസമ്മിൽ, ഷാഹീൻ എന്നിവർ ഹവാല ഇടപാടിലൂടെ പണമുണ്ടാക്കിയതായി സംശയിക്കുന്നുണ്ട്. വിദേശത്തുനിന്ന് എത്തിയതെന്ന് കരുതുന്ന 20 ലക്ഷം രൂപയുടെ സ്രോതസ്സ് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ബോംബ് നിർമാണത്തിന് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് ഉപയോഗപ്പെടുത്തിയോ എന്നതും ഹരിയാനയിലെ ഫരീദാബാദിലുള്ള അൽഫലാഹ് യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

