ഡൽഹി സ്ഫോടനം: കാറിലുണ്ടായ പൊട്ടിത്തെറി അബദ്ധത്തിലെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടക്ക് മുന്നിലുണ്ടായ കാർ സ്ഫോടനത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം.
സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടുവെന്നാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന മൗലാന ആസാദ് മെഡിക്കൽ കോളജിലെ അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ 13 ആണെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ചാവേർ ആക്രമണമാണുണ്ടായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും, സ്ഫോടക വസ്തുക്കളുമായി നീങ്ങിയ കാറിലുണ്ടായത് അബദ്ധത്തിലുള്ള പൊട്ടിത്തെറിയാണെന്ന് രാത്രി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമോണിയം നൈട്രേറ്റ്, ഇന്ധനം, ഡിറ്റണേറ്ററുകൾ എന്നിവയാണ് സ്ഫോടനത്തിൽ ഉണ്ടായതെന്ന് പ്രാഥമിക കണ്ടെത്തലുകളിലെ അനുമാനം. എങ്കിലും അന്വേഷണ സംഘത്തിൽനിന്നോ സർക്കാർ വൃത്തങ്ങളിൽ നിന്നോ സ്ഫോടനം സംബന്ധിച്ച യാതൊരു ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.സ്ഫോടനത്തിന് പിന്നാലെ അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടുതവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗോൾച്ച, എൻ.ഐ.എ ഡയറക്ടറൽ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സുരക്ഷ സമിതി ബുധനാഴ്ച യോഗം ചേരും.
തിങ്കളാഴ്ച വൈകുന്നേരം 6.52നാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
സംശയമുന ഡോ. ഉമർ നബിയിലേക്ക്
ജമ്മു- കശ്മീരിലെ പുൽവാമയിൽനിന്നുള്ള ഡോ. ഉമർ നബി ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ആദ്യറിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പൊട്ടിത്തെറി ബോധപൂർവമാണോ എന്ന കാര്യവും വ്യക്തമല്ല. കാർ ഓടിച്ചത് ഉമർ നബിയാണോ എന്ന് സ്ഥിരീകരിക്കാൻ പുൽവാമയിലുള്ള ഇയാളുടെ മാതാവിന്റെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമറിന്റെ പിതാവ് ഗുലാം നബി ഭട്ടിനെ പുൽവാമയിലെ വീട്ടിൽവെച്ച് ജമ്മു- കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജമ്മു-കശ്മീർ, ഹരിയാന, യു.പി, ഡൽഹി സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകളിൽ കശ്മീർ സ്വദേശികളായ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായതായും വിവിധ ഇടങ്ങളിൽനിന്നായി ഏകദേശം 3,000 കിലോ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായും കഴിഞ്ഞ ദിവസം ജമ്മു- കശ്മീർ പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടുക്കുന്ന സ്ഫോടനം ഉണ്ടാകുന്നത്.
ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് കീഴിലുള്ള ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ. മുസമ്മിൽ അഹ്മദിന്റെ വാടക വീട്ടിൽനിന്നാണ് 350 കിലോ സ്ഫോടക വസ്തുക്കൾ ലഭിച്ചതെന്നും ഇയാളുടെ കൂട്ടാളിയായ ഡോ. ഉമർ നബി പിടിക്കപ്പെടുമെന്നായതോടെ ചാവേർ ആവുകയായിരുന്നു എന്നുമാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊട്ടിത്തെറിച്ച കാർ ഫരീദാബാദിൽനിന്നാണ് ഡൽഹിയിലെത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
ഗൂഢാലോചന നടത്തിയ ആരെയും വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചെങ്കോട്ട കാർ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയ ആരെയും വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ അന്വേഷണ ഏജൻസികൾ അതിന്റെ അടിവേര് വരെ പുറത്തുകൊണ്ടുവരുമെന്ന് ഭൂട്ടാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഇരകള്ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കുറ്റവാളികൾ അന്വേഷണ ഏജൻസികളുടെ രോഷം അറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയ ശേഷമായിരുന്നു പ്രതികരണം. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെവിടാൻ പോകുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

