കാണാതായെന്ന പരാതി പോലും നൽകാൻ കഴിയാതെ...; ഉറ്റവരെ തേടി ഓടിത്തളർന്ന് കുടുംബാംഗങ്ങൾ
text_fieldsന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 38 കാരിയായ പിങ്കി ദേവിയുടെ ബന്ധുക്കൾ
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് കാണാതായവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഓടിത്തളർന്നു. ഒരു ആശുപത്രിയിൽനിന്ന് മറ്റൊന്നിലേക്ക്... അവരുടെ ചിത്രങ്ങളും കൈയിൽ പിടിച്ച് എന്തു ചെയ്യണമെന്നറിയാത്ത ഓട്ടം.
ചികിത്സയിലുള്ളവരിൽ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോ എന്ന് അന്വേഷിക്കാൻ ആശുപത്രികൾ അനുവദിക്കുന്നില്ലെന്ന് പലരും പരിഭവം പറഞ്ഞു. ശനിയാഴ്ച വൈകീട്ട് റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവമറിഞ്ഞപ്പോൾ മുതൽ നെട്ടോട്ടത്തിലാണ് ചിലർ. പരിക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലും (എൽ.എൻ.ജെ.പി) സെൻട്രൽ ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ആശുപത്രി അധികൃതർ അവിടെയുള്ള പരിക്കേറ്റവരുടെ പട്ടിക കുടുംബങ്ങളെ കാണിച്ചു. അതിൽ പേരില്ലാത്തവരെ മടക്കി അയച്ചു. കാണാതായെന്ന പരാതി പോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കളിൽ ചിലർ പറഞ്ഞു. എൽ.എൻ.ജെ.പി ആശുപത്രിക്ക് പുറത്ത്, ഭോല സാഹ എന്നയാൾ മൊബൈൽ ഫോണിലുള്ള ഭാര്യ മീനയുടെ ഫോട്ടോ കാണിച്ച് പലരോടും തിരക്കി. തിക്കിലും തിരക്കിലും പെട്ട അവരെ കണ്ടെത്താനായിട്ടില്ല. ‘‘മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ പോയതാണ്. ഇന്നലെ വൈകീട്ട് മുതൽ അവരുടെ വിവരം ഒന്നുമില്ല. അവരുടെ കൈയിൽ ടിക്കറ്റില്ല. നാലഞ്ച് കൂട്ടാളികളെയും കണ്ടെത്താനായിട്ടില്ല. അവരെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല’’- സാഹ കണ്ണീരോടെ പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ കൊണ്ടുപോയതിനാൽ അവിടെയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒട്ടേറെ പേർ ബന്ധുക്കളെ തേടി എത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എൽ.എൻ.ജെ.പി ആശുപത്രിയിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. രോഗികളുടെ പരിചാരകർക്ക് മാത്രമേ ഉള്ളിലേക്ക് പോകാൻ അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

