ഇങ്ങനെ ഡൽഹിയെ മുമ്പ് കണ്ടിട്ടുണ്ടോ? പ്രതിഷേധത്തെ തുടർന്ന് കനത്ത പൊലീസ് ബന്തവസ്, ഗതാഗതക്കുരുക്ക്
text_fieldsന്യൂഡൽഹി: സിജെപി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയതോടെ സെൻട്രൽ ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്. വൻ ജനക്കൂട്ടം ഒത്തുചേരുന്നത് തടയാൻ ഡൽഹി പോലീസ് നടത്തിയ മുൻകരുതൽ നടപടികളാണ് തിരക്കിന് കാരണമായത്. ജന്തർ മന്തർ ഉൾപ്പെടുന്ന മേഖല സുരക്ഷാ വലയത്തിലെ ഏറ്റവും നിർണായക ഭാഗമായതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് സിജെപി പ്രതിഷേധം പ്രഖ്യാപിച്ചത്.
ഫോം 6ൽ ബോധപൂർവ്വമായ മാറ്റങ്ങൾ വരുത്തിയെന്നും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ (എസ്ഐആർ) ക്രമക്കേടുകൾ നടന്നെന്നും ആരോപിച്ചാണ് സമരം. പ്രതിഷേധ സ്ഥലത്തേക്ക് നയിക്കുന്ന പ്രധാന റോഡുകളിലും നിർണായക ഇടങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് ഗതാഗതം മന്ദഗതിയിലായത്.
ഗതാഗത വഴിതിരിച്ച് വിടുന്നത് സംബന്ധിച്ച് പോലീസ് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങിയവർക്ക് സുരക്ഷാ വിന്യാസം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ജനറൽ പോസ്റ്റ് ഓഫീസിന് (ജിപിഒ) ചുറ്റും ബാബാ ഖരക് സിംഗ് മാർഗ്, അശോക് റോഡ്, പണ്ഡിറ്റ് പന്ത് മാർഗ് മുതൽ മഹാദേവ് റോഡ് വരെയുള്ള ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടതായി ഡൽഹി ട്രാഫിക് പോലീസ് എക്സിൽ അറിയിച്ചു.
നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള കാളിന്ദി കുഞ്ച് റൂട്ടിലും കനത്ത ജാം അനുഭവപ്പെടുന്നുണ്ട്. ബാരിക്കേഡുകളും പരിശോധനയും മൂലം പലയിടത്തും ബമ്പർ ടു ബമ്പർ ഗതാഗതമാണ്. സീലംപൂർ മേഖലയിലും സുരക്ഷാ പരിശോധന മൂലം തിരക്കുണ്ട്. വാണിജ്യ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതോടെ പലരും നടന്നു പോകാൻ നിർബന്ധിതരായി.
ന്യൂഡൽഹിയിലേക്ക് പോകാൻ ഇറങ്ങിയ താൻ ഏകദേശം ഒരു കിലോമീറ്ററോളം നടന്നുവെന്നും തിരക്ക് കാരണം ബസ് കിട്ടുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
30 പ്രധാന കേന്ദ്രങ്ങളിലായി ട്രാഫിക് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും തടസമുണ്ടായാൽ വഴിതിരിച്ചുവിടുമെന്നും മറ്റ് വഴികൾ ഏർപ്പെടുത്തുമെന്നും അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക് സോൺ-II) ദിനേഷ് കുമാർ ഗുപ്ത പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഗതാഗതം സുഗമമായി നീങ്ങാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനം മൂലം തടസമുണ്ടായാൽ ബദൽ വഴികൾ ഒരുക്കാൻ ജീവനക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമസമാധാന പരിഗണനകൾ മൂലം ന്യൂഡൽഹി ജില്ലയിലെ ചില റോഡുകളിൽ ഗതാഗതം തിരിച്ചുവിട്ടതായി ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) സഞ്ജയ് കുമാർ ത്യാഗി പറഞ്ഞു. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ബദൽ റൂട്ടുകളെക്കുറിച്ച് ട്രാഫിക് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും വഴിതിരിച്ചുവിടുന്ന ഭാഗങ്ങളിൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധക്കാരുടെ നീക്കം തടയാൻ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ നിന്ന് വ്യാപകമായി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടൻ അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂട്യൂബറും പൗരവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് പ്രതിഷേധക്കാരെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുപോയത്. എന്നാൽ കസ്റ്റഡിയിലെടുത്താലും നേതാക്കളുണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിഷേധം രാജ്യവ്യാപകമായി തുടരുമെന്ന് സിജെപി അറിയിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പോലും ചെയ്യാത്ത കാര്യമാണിത്. അതിനേക്കാൾ മോശമായ സാഹചര്യമാണിതെന്നും ഞങ്ങൾ എല്ലാവരും അറസ്റ്റിന് തയ്യാറാണെന്നും വിമാനത്തിനുള്ളിൽ വെച്ച് റെക്കോർഡ് ചെയ്ത വീഡിയോ പ്രസ്താവനയിൽ അഭിജിത് ദീപ്കെ പറഞ്ഞു. ഭരണഘടനാപരമായി നടത്തുന്ന പ്രതിഷേധത്തെ ബലപ്രയോഗത്തിലൂടെ തടയാൻ അധികൃതർ ശ്രമിക്കുകയാണെന്ന് സൗരവ് ദാസും പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

