സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെട്ടില്ല, 13 ലക്ഷത്തിന്റെ ബ്രെസ ആവശ്യപ്പെട്ടു; വിവാഹത്തിൽ നിന്ന് പിന്മാറിയ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു
text_fieldsചണ്ഡീഗഡ്: വിവാഹത്തിന് സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയ ഡൽഹി പോലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. നവംബർ 20 ന്നടക്കേണ്ടിയിരുന്ന വിവാഹം തർക്കത്തെ തുടർന്ന് മുടങ്ങിയതിലാണ് കോൺസ്റ്റബിളായ കുൽദീപിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
വിവാഹത്തിന് വേണ്ടി ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന ഹ്യുണ്ടായ് ഓറയാണ് വധുവിന്റെ കുടുംബം ആദ്യം ബുക്ക് ചെയ്തത്. എന്നാൽ ആ കാർ ഇഷ്ടമല്ലെന്നും പകരം 13 ലക്ഷം രൂപയോളം വിലവരുന്ന മാരുതി ബ്രെസ വേണമെന്നും കുൽദീപ് ആവശ്യപ്പെട്ടെന്ന് വധുവിന്റെ പിതാവ് സുഭാഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു.
കുൽദീപിനും കുടുംബത്തിനുമായി ഫർണിച്ചറുകൾ, സ്വർണാഭരണങ്ങൾ എന്നിവയും ഒരുക്കിയിരുന്നുവെന്ന് വധുവിന്റെ പിതാവ് ആരോപിച്ചു. ഇയാളുടെ സഹോദരനും ഭാര്യക്കും ആഭരണങ്ങൾ ആവശ്യപ്പെട്ടതായും വിവാഹച്ചടങ്ങിനായി കുതിരയെയും ഡി.ജെയെയും ഏർപ്പെടുത്താൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. വിവാഹദിവസം അമ്മക്കൊപ്പം വേദിയിലെത്തിയ കുൽദീപ് ബ്രെസ എത്തിയിട്ടില്ലെന്ന് മനസ്സിലായതോടെ വധുവിന്റെ കുടുംബവുമായി തർക്കിക്കുകയും വിവാഹച്ചടങ്ങിൽനിന്ന് പിന്മാറി മടങ്ങുകയും ചെയ്തെന്നാണ് പരാതി.
അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം കുൽദീപ് നിഷേധിച്ചു. വിവാഹവേദിയിൽ റിബൺ മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇയാൾ പ്രതികരിച്ചു.

