വോട്ട് കൊള്ളയിൽ വൻ പ്രതിഷേധം, ഇൻഡ്യസഖ്യ എം.പിമാരെ തടഞ്ഞ് പൊലീസ്, നേതാക്കൾ റോഡിൽ കുത്തിയിരുന്നു, അറസ്റ്റ്
text_fieldsന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് ഇൻഡ്യ സഖ്യത്തിലെ എം.പിമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. എം.പിമാരുടെ പ്രതിഷേധ മാർച്ച് ഡൽഹി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിൽ നിന്നുള്ള വനിത എം.പിമാരായ മഹുവ മൊയ്ത്രും മിതാലി ബാഗും റോഡിൽ കുഴഞ്ഞുവീണു. രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ വനിത എം.പിമാരെ ആശുപത്രിയിലേക്ക് മാറ്റി. സയാനി ഘോഷും പ്രിയ സരോജും ഒപ്പമുണ്ടായിരുന്നു.
രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് പൊലീസ് ബസിനുള്ളിൽവച്ച് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 11.30ന് പാർലമെന്റിൽ നിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇൻഡ്യസഖ്യ എം.പിമാർ പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാൽ, പാർലമെന്‍റ് ബ്ലോക്കിൽ വച്ച് എം.പിമാരെ വൻ പൊലീസ് സന്നാഹം തടഞ്ഞു. ഇതേതുടർന്ന് എം.പിമാർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് തടഞ്ഞതിന് പിന്നാലെ അഖിലേഷ് യാദവ് അടക്കം ചില എം.പിമാർ ബാരിക്കേഡ് മറികടന്ന് മറുവശത്തെത്തി. പ്രതിഷേധ മാർച്ച് അവസാനിപ്പിക്കാൻ തയാറാകാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പൊലീസ് കൈയ്യേറ്റം ചെയ്തെന്ന് വനിതാ എം.പിമാർ ആരോപിച്ചു.
അതിനിടെ, ഇൻഡ്യ സഖ്യത്തിലെ മുഴുവൻ എം.പിമാരുമായും കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. രാവിലെ പ്രതിപക്ഷ എം.പിമാർക്ക് കൂടിക്കാഴ്ചക്ക് അനുമതി നൽകിയ കമീഷൻ പ്രതിനിധികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 30 പേരെ കാണാമെന്നാണ് കമീഷൻ അറിയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഇൻഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

