'ദി വയർ' എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ. വേണു, ഝാനവി സെൻ എന്നിവരുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവിന്റെ പരാതിയെ തുടർന്ന് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരും 'ദി വയർ' ഓൺലൈൻ വാർത്താ വെബ്സൈറ്റിന്റെ എഡിറ്റർമാരുമായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ. വേണു, ഝാനവി സെൻ എന്നിവരുടെ വീടുകളിൽ പൊലീസ് റെയഡ്. തിങ്കളാഴ്ച വൈകീട്ടാണ് മൂവരുടെയും ന്യൂഡൽഹിയിലെ വസതികളിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയത്.
ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കഴിഞ്ഞ ദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
വൈകീട്ട് 4.40 ഓടെ വന്ന പൊലീസ് ആറുമണിക്കാണ് പോയതെന്ന് എം.കെ. വേണു സ്ക്രോൾ.ഇൻ ന്യൂസ് പോർട്ടലിനോട് പറഞ്ഞു. 'അമിത് മാളവ്യയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് അവർ പറഞ്ഞു. എന്റെ ഐഫോണും ഐപാഡും ക്ലോണിങ്ങിനായി അവർ എടുത്തിട്ടുണ്ട്' -വേണു പറഞ്ഞു. വരദരാജന്റെ വീട്ടിലും റെയ്ഡ് നടന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ അമിത് മാളവ്യക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ഇവയിലെ ഏതെങ്കിലും ഉള്ളടക്കം മാളവ്യ പറഞ്ഞാൽ പരിശോധന കൂടാതെ തമസ്കരിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും സൂചന നൽകുന്നതായിരുന്നു വയറിന്റെ വാർത്തകൾ. പിന്നീട്, ഈ വാർത്തകൾ പോർട്ടൽ പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, ബി.ജെ.പി നേതാവ് മാളവ്യ പരാതി നൽകിയത്.
സംഭവത്തിൽ തങ്ങളുടെ അന്വേഷണ സംഘത്തിലെ ഒരു അംഗം തങ്ങളെ കബളിപ്പിച്ചതായി 'ദി വയർ' അറിയിച്ചു. തുടർന്ന് മുൻ കൺസൽട്ടന്റിനെതിരെ 'ദി വയർ' പൊലീസിൽ പരാതി നൽകുകയും ചെയ്തു. പോർട്ടലിന്റെ മുൻ കൺസൽട്ടന്റ് ദേവേശ് കുമാറിനെതിരെ ശനിയാഴ്ചയാണ് ഇ-മെയിൽ വഴി 'വയർ' പരാതിപ്പെട്ടത്.
തങ്ങൾക്ക് സംഭവിച്ച പിശക് സൂചിപ്പിച്ച് വയർ കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയിരുന്നു. മാധ്യമപ്രവർത്തകർ വാർത്തകൾക്കുവേണ്ടി വിവിധ ഉറവിടങ്ങളെ ആശ്രയിക്കാറുണ്ടെന്നും അങ്ങനെ ലഭിക്കുന്ന വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ തങ്ങളാൽ കഴിയുംവിധം ശ്രമിക്കാറുണ്ടെന്നും വയർ വ്യക്താമക്കി. 'സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തെളിവുകൾ ഏറെ സങ്കീർണമാണ്. അതുകൊണ്ടുതന്നെ ഒരു മാധ്യമസ്ഥാപനത്തെ അപകടത്തിൽപെടുത്താൻ നടത്തിയ വഞ്ചന കണ്ടെത്താൻ സാധാരണഗതിയിലുള്ള സൂക്ഷ്മതയും ജാഗ്രതയും കൊണ്ടുമാത്രം കഴിഞ്ഞു കൊള്ളണമെന്നില്ല. ഇതാണ് ഞങ്ങൾക്ക് സംഭവിച്ചത്'-വാർത്ത ഉറവിടം തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന സൂചന നൽകിയുള്ള പ്രസ്താവനയിൽ 'ദ വയർ' വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

