ട്രേഡ് യൂണിയനുകളുടെ ദേശീയ സമ്മേളനത്തിൽ ഇസ്രായേലിനും ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരായ ബാനറുകൾ വലിച്ചെറിഞ്ഞ് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നടന്ന ട്രേഡ് യൂനിയനുകളുടെ ദേശീയ സമ്മേളനത്തിൽ ഫലസ്തീനു നേർക്കുള്ള ഇസ്രായേൽ ആക്രമണത്തെയും രാജ്യത്ത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിദ്വേഷം വളർത്തുന്ന നടപടികളെയും അപലപിച്ച് സ്ഥാപിച്ച ബാനറുകൾ വലിച്ചെറിഞ്ഞ് ഡൽഹി പൊലീസ്.
സി.പി.ഐ.എം.എൽ ലിബറേഷനുമായി അഫിലിയേറ്റ് ചെയ്ത ആൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് ആണ് (എ.ഐ.സി.സി.ടി.യു.) ആണ് റെയിൽവേ, പ്രതിരോധ ഉൽപ്പാദനം, ശുചിത്വം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെയും വിവിധ സർക്കാർ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചത്. ആർ.എസ്.എസ് അനുഭാവമുള്ള ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) ഒഴികെയുള്ള മറ്റ് ട്രേഡ് യൂനിയനുകളുടെ നേതാക്കളെ അതിലേക്ക് ക്ഷണിച്ചിരുന്നു.
വേദിക്കകത്ത് സംഘാടകർ തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച ബാനറുകൾ പ്രദർശിപ്പിക്കുകയുണ്ടായി. ഫലസ്തീനിനെതിരായ ആക്രമണത്തെയും ആർ.എസ്.എസ്-ബി.ജെ.പി ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രചാരണത്തെയും അപലപിച്ച് പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. സമ്മേളനം തുടങ്ങാനിരിക്കെ ഹാളിൽ കയറിയ പൊലീസുകാർ രണ്ടു ബാനറുകൾ എടുത്ത് വലിച്ചെറിയുകയായിരുന്നെന്ന് എ.ഐ.സി.സി.ടി.യു വൈസ് പ്രസിഡന്റ് സുച്ത ഡെ പറഞ്ഞു.
‘സമ്മേളനം നടത്തുന്നതിന് ആവശ്യമായ എല്ലാ അനുമതികളും പൊലീസിൽ നിന്ന് നേടിയിട്ടുണ്ട്. എന്നാൽ, കാരണമൊന്നും പറയാതെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ ഹാളിനുള്ളിൽ കയറി രണ്ട് ബാനറുകളും വലിച്ചെറിഞ്ഞു. ഇത് ഞെട്ടിക്കുന്നതായിരുന്നു -സുച്ത ഡെ പറഞ്ഞു. ‘മീറ്റിംഗിനെ തടസ്സപ്പെടുത്തുമെന്നതിനാൽ ഞങ്ങൾ അതിനെ എതിർത്തില്ല. ഫലസ്തീനിലെ ജനങ്ങളുടെയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും കഷ്ടപ്പാടുകളോടുള്ള നരേന്ദ്ര മോദി സർക്കാറിന്റെ നയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ബാനറുകൾ അവർ തിരഞ്ഞെടുത്ത് നീക്കം ചെയ്തുവെന്നും സുച്ത പറഞ്ഞു.
2024 ഒക്ടോബറിൽ, ജെ.എൻ.യുവിൽ ഫലസ്തീൻ ആക്രമണത്തെക്കുറിച്ചുള്ള സെമിനാർ ‘ഇവന്റ് ആസൂത്രണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ പാലിച്ചില്ല’ എന്ന് ആരോപിച്ച് റദ്ദാക്കിയിരുന്നു.
ട്രേഡ് യൂണിയൻ സമ്മേളനത്തിൽ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു. ഉച്ചഭക്ഷണം, സംയോജിത ശിശു വികസന സേവനം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം തുടങ്ങിയ സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മോശം വേതനം ലഭിക്കുന്നു. ഇത്തരം നൂറുകണക്കിന് തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ പരാതികൾ പങ്കുവെച്ചു.
എട്ടു മണിക്കൂർ തൊഴിൽ ദിനം ഇല്ലാതാക്കുകയാണെന്നും തൊഴിലാളികളോട് 12 മണിക്കൂർ വരെ ജോലി ചെയ്യാൻ ആവശ്യപ്പെടുകയാണെന്നും സി.പി.ഐ.എം.എൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ പറഞ്ഞു. മതവിദ്വേഷത്തിനും ജാതീയതക്കും ചൂഷണത്തിനും എതിരെ പ്രതിഷേധിക്കാൻ അദ്ദേഹം തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

