കോടതി വിലക്കിയിട്ടും ഉമർ ഖാലിദിന് കൈയാമം
text_fieldsന്യൂഡൽഹി: കോടതി വിലക്ക് നിലനിൽക്കേ, ജവഹർലാൽ നെഹ്റു സർവകലാശാല മുൻവിദ്യാർഥി ഉമർ ഖാലിദിനെ കൈയാമം വെച്ച് പൊലീസ് പാട്യാല കോടതിയിൽ ഹാജരാക്കി.
ഡൽഹി വംശീയാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് ഉമർ ഖാലിദിനെ വ്യാഴാഴ്ച പട്യാല കോടതിയിൽ ഹാജരാക്കിയത്. കോടതി മുറിയിൽ വിലങ്ങിട്ട് ഹാജരാക്കുമ്പോൾ ജഡ്ജി അമിതാഭ് റാവത് അവധിയിലായിരുന്നുവെന്ന് ഖാലിദിന്റെ അഭിഭാഷകൻ വിശദീകരിച്ചു. വിലങ്ങണിയിച്ച് ഹാജരാക്കാമെന്ന് 2021 ഏപ്രിൽ ഏഴിന് പട്യാല കോടതി ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഉത്തരവ് നൽകിയിരുന്നുവെന്നാണ് സബ് ഇൻസ്പെക്ടർ രൺബീർസിങ് നൽകിയ വിശദീകരണം. എന്നാൽ, അഭിഭാഷകർ നിഷേധിച്ചു.
കോടതിയിൽ ഹാജരാക്കുമ്പോൾ കൈയാമം വെക്കുകയോ ചങ്ങലകൊണ്ടു ബന്ധിക്കുകയോ ചെയ്യാൻ പാടില്ലെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നു. കുറ്റം ആരോപിക്കുന്നതിനപ്പുറം, തെളിയിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യാത്ത ഒരാളെ കൈയാമം വെച്ച് കോടതിമുറിയിൽ നിർത്തേണ്ട കാര്യമില്ലെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. രാജ്യദ്രോഹ കേസിൽ കുറ്റാരോപിതനായ ഖാലിദ് സെയ്ഫിയെയും ഉമർ ഖാലിദിനെയും കൈയാമം വെച്ച് ഹാജരാക്കാൻ അനുവദിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷ മറ്റൊരു കോടതി നേരത്തേ തള്ളുകയും ചെയ്തിരുന്നു.