ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് റോഡരികിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡൽഹി പൊലീസ് ഇൻസ്പെക്ടറെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) എം.കെ. മീണ അറിയിച്ചു.
വടക്കൻ ഡൽഹിയിലെ ഇന്ദർലോക് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പൊലീസുകാരൻ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ, കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, പൊലീസുകാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവം ലജ്ജാകരമാണെന്ന് ഡൽഹി കോൺഗ്രസ് പറഞ്ഞു. ചവിട്ടുന്ന വിഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽമിഡിയ അക്കൗണ്ടിൽ പങ്കുവെച്ചു. ‘റോഡിൽ നമസ്‌കരിക്കുന്ന വിശ്വാസികളെ ഡൽഹി പൊലീസ് ചവിട്ടുന്നു. ഇതിലപ്പുറം എന്ത് നാണക്കേടാണുള്ളത്?’ -കോൺഗ്രസ് ചോദിച്ചു.
बेहद शर्मनाक!
— Delhi Congress (@INCDelhi) March 8, 2024
सड़क पर नमाज़ अदा करते नमाज़ियों को @DelhiPolice का जवान लात से मार रहा है।
इससे ज्यादा शर्म की बात और क्या हो सकती है?@LtGovDelhi pic.twitter.com/8ksWzOfp0P
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പള്ളികളിൽ സ്ഥലം തികയാതെ വരുമ്പോൾ നഗരത്തിലും മറ്റും സമീപത്തെ റോഡരികുകൾ പ്രാർഥനകൾക്ക് ഉപയോഗിക്കുന്നത് സാധാരണയാണ്. 10 മിനിട്ടിൽ താഴെ മാത്രമാണ് നമസ്കരിക്കാൻ എടുക്കുന്ന സമയം. ഇതിനിടെയാണ് പ്രാർഥനാനിരതരായ വിശ്വാസികളെ പൊലീസുകാരൻ ചവിട്ടി വീഴ്ത്തിയത്.
നേരത്തെ, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡിൽ പ്രാർത്ഥിച്ചതിന് മുസ്‍ലിംകളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ 35 കാരനായ ട്രക്ക് ഡ്രൈവറെ അനുമതിയില്ലാതെ നമസ്‌കരിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. 2023-ൽ ഉത്തർപ്രദേശിലുടനീളം നിരവധി അറസ്റ്റുകൾ രേഖപ്പെടുത്തി. 2023 ഏപ്രിലിൽ അനുവാദമില്ലാതെ പള്ളിക്ക് പുറത്ത് പെരുന്നാൾ നമസ്‌കാരം നടത്തിയതിന് യു.പി കാൺപൂരിൽ മൂന്ന് സ്ഥലങ്ങളിലായി 1,700ലധികം പേർക്കെതിരെ കേസെടുത്തു. ബറേലിയിലും 57 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

