ഡൽഹി: ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിൽ നിരവധി കേസുകളിൽ പ്രതികളായ നാലു പേരെ ഡൽഹി പൊലീസ് പിടികൂടി. ബീഗംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപ് വിഹാർ ഏരിയയിലെ ഹനുമാൻ ചൗക്കിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ഗുണ്ടാസംഘവും തമ്മിൽ വെടിവെപ്പ് നടന്നത്.
കൊലപാതകം, കൊലപാതക ശ്രമം, മോഷണം, വെടിവെപ്പ് അടക്കം നിരവധി കേസുകളിൽ പ്രതികളായ രോഹിത്, അമിത്, രവീന്ദർ യാദവ്, സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്നോയിയുടെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു.
ഇരുവിഭാഗങ്ങളും 50 റൗണ്ട് വെടിയുതിർത്തു. പൊലീസ് വെടിവെപ്പിൽ ഗുണ്ടാസംഘത്തിന് പരിക്കേറ്റു. ഇവരെ ഡോ. ബാബ സാഹിബ് അംബേദകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.
ഗുണ്ടാസംഘം സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തു. നാല് യന്ത്രതോക്കുകളും 70 വെടിയുണ്ടകളും രണ്ട് നാടൻ തോക്കുകളും തിരകളും മൂന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെൽമറ്റുകളും കണ്ടെടുത്തു.
ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം ഒാപറേഷൻ പ്ലാൻ ചെയ്തത്. പൊലീസ് ഒരുക്കിയ കെണിയിൽ ഗുണ്ടാസംഘം വീശുകയായിരുന്നു.
പുലർച്ചെ മൂന്നരയോടെ നാലു പേർ അടങ്ങുന്ന സംഘം കാറിൽ രോഹിണി സെക്ടർ 26ൽ എത്തുകയായിരുന്നു. തുടർന്നാണ് പൊലീസും കുറ്റവാളികളും തമ്മിൽ വെടിവെപ്പ് നടന്നത്. പൊലീസിനു നേരെ കുറ്റവാളികൾ 22 റൗണ്ടും തിരിച്ച് 28 റൗണ്ടും വെടിയുതിർത്തു.