പൊലീസുകാരെ മജിസ്ട്രേറ്റുകളാക്കി സ്റ്റേഷനുകൾ കോടതികളാക്കുന്നു: കോടതിക്ക് പകരം സമരക്കാരുടെ വിധി സ്വന്തം നിലക്ക് തീരുമാനിച്ച് പൊലീസ്
text_fieldsന്യൂഡൽഹി: അറസ്റ്റിലായ സമരക്കാരെ കോടതികകളിൽ ജഡ്ജിമാരുടെ മുന്നിൽ ഹാജരാക്കുന്നതിന് പകരം ഡൽഹി പൊലീസ് സ്വയം ന്യായാധിപന്മാരായി സമരക്കാരുടെ തടവും മോചനവും സ്വന്തം നിലക്ക് തീരുമാനിക്കുന്നത് കണ്ടു കൊണ്ടിരിക്കുകയാണ് രാജ്യതലസ്ഥാനം. അന്വേഷണ ഏജൻസിക്കും നീതിന്യായ കോടതിക്കുമിടയിലുള്ള അധികാര വിഭജന തത്ത്വം ലംഘിച്ച് പൊലീസുകാരെ മജിസ്ട്രേറ്റാക്കിയും സ്റ്റേഷനുകൾ തന്നെ ‘കോടതി’കളാക്കിയുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ളവരെ നേരിടുന്നത്.
സൗരവിനെയും അശുതോഷിനെയും ജയിലിലയച്ചത് പൊലീസ്
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ ജയിൽ വാസത്തെ തുടർന്നാണ് പൊലീസും ജഡ്ജിയും ഒന്നായി തീരുന്ന ഡൽഹി രീതി ചർച്ചയാകുന്നത്. ഇവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം കോടതിക്ക് പകരം ‘സ്പെഷൽ എക്സിക്യുട്ടിവ് മജിസ്ട്രേറ്റ്’ പട്ടം നൽകിയ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി ജയിലും ജാമ്യവും തീരുമാനിക്കുകയാണ് ചെയ്തത്.
ഭരണകൂടത്തിന്റെ അന്വേഷണ നിർവഹണവും അതിൽ തീർപ്പ് കൽപിക്കുന്ന നീതിന്യായ സംവിധാനവും വേർതിരിച്ചു നിർത്തണമെന്ന ഭരണഘടനാ തത്ത്വത്തിന്റെ നഗ്നമായ ലംഘനമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക മജിസ്ട്രേട്ട് പട്ടം നൽകിയതിലൂടെ സംഭവിക്കുന്നത്.
പൊലീസ് കമീഷണർമാരെ മജിസ്ട്രേറ്റുമാരാക്കി
സർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ പൊലീസ് കമീഷണർ, അഡീഷനൽ പൊലീസ് കമീഷണർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ, അസിസ്റ്റന്റ് പൊലീസ് കമീഷണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കാണ് ‘സ്പെഷൽ എക്സിക്യുട്ടിവ് മജിസ്ട്രേട്ട്’(എസ്.ഇ.എം) പദവി നൽകിയിരിക്കുന്നത്. പൊതുസമാധാനം ഭംഗപ്പെടാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള അധികാരം കൂടി ഇവർക്ക് നൽകി. സാധാരണ ഇത്തരം നടപടികൾ പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതിയിലാണ് നടക്കേണ്ടത്. എന്നാൽ, കേസ് അന്വേഷിക്കുന്നതും അതിൽ വിധി പറയുന്നതും പൊലീസ് തന്നെ.
പല സംസ്ഥാനങ്ങളിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരായി പ്രവർത്തിക്കുന്നത്. എന്നാൽ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ഈ അധികാരങ്ങൾ നൽകുകയാണ്. തമിഴ്നാട്ടിൽ പൊലീസുകാർക്ക് ഇത്തരം അധികാരങ്ങൾ നൽകി പുറത്തിറക്കിയ സർക്കാർ വിജ്ഞാപനങ്ങൾ അധികാര വിഭജന തത്ത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതി റദ്ദാക്കിയതാണ്. കാക്കി യൂനിഫോമും മജിസ്ട്രേറ്റിന്റെ അധികാരവും ഒന്നിച്ചുചേരുമ്പോൾ അത് ‘നിർവഹണ അരാജകത്വ’ത്തിലേക്ക് നയിക്കാമെന്നായിരുന്നു വിവാദ രീതി റദ്ദാക്കുന്നതിന് മദ്രാസ് ഹൈകോടതി പറഞ്ഞ ന്യായം.

