സി.ജെ.പിയുടെ ജന്തർ മന്തർ മാർച്ച്: അനുമതി തേടുംമുമ്പെ ഡൽഹിയിൽ കനത്ത സുരക്ഷ; പൊലീസുകാർക്ക് ബോഡി ക്യാമറയും
text_fieldsന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഒക്ടോബർ 10-ന് ജന്തർ മന്തറിൽ മാർച്ച് നടത്തുന്നതിന് അനുമതി തേടിയുള്ള കത്ത് സമർപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എത്തുന്നതിന് മുന്നോടിയായി കനത്ത സുരക്ഷാസന്നാഹമൊരുക്കി ഡൽഹി പൊലീസ്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്തും സൻസദ്, ടോൾസ്റ്റോയ് മാർഗ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10-ന് മാർച്ചിന് അനുമതി തേടി കത്ത് സമർപ്പിക്കുമെന്ന് സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ് എക്സിൽ അറിയിച്ചിരുന്നു. തുടർന്നാണ് ഡൽഹി പൊലീസ് പാർലമെന്റ് പൊലീസ് സ്റ്റേഷന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചത്.
ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലം, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ്, സമീപത്തെ തെരുവുകൾ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ ഉയർത്തി. ഡൽഹിയിലുടനീളം ഡൽഹി പൊലീസ് ലൗഡ് സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സ്പീക്കറുകൾ ഉപയോഗിക്കുന്നത്. കൂടാതെ, 150-ലധികം ബോഡി ക്യാമറകൾ ഘടിപ്പിച്ച പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകൾ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് നടപടികൾ റെക്കോർഡ് ചെയ്യുന്നതിനായി ബോഡി ക്യാമറകൾ നിർബന്ധമാക്കിയത്.
ചൊവ്വാഴ്ച രാത്രി പ്രതിഷേധക്കാർ എത്തിയതിനെ തുടർന്ന് കൊണാട്ട് പ്ലേസിന് സമീപവും പൊലീസ് സുരക്ഷ വർധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ്, സൻസദ് മാർഗ്, ബരാഖംബ റോഡ്, കൊണാട്ട് പ്ലേസ് എന്നിവിടങ്ങൾക്ക് സമീപം കൂടുതൽ പിക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും, പ്രതിഷേധങ്ങൾ, ഏറ്റുമുട്ടലുകൾ എന്നിവയ്ക്കിടയിൽ തെളിവ് ലഭിക്കുന്നതിനായി എല്ലാം റെക്കോർഡ് ചെയ്യാനാണ് ബോഡി ക്യാമറകൾ നൽകിയിരിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന 'ഇൻഡ്യാ' മുന്നണിയുടെ പ്രതിഷേധത്തിനിടെ 10 എം.പിമാർ ഉൾപ്പെടെ 260-ഓളം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച സമാനമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 17 പേരെ അറസ്റ്റ് ചെയ്യുകയും 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി, ഐസ , ഇൻഡ്യാ മുന്നണി, ആപ് എന്നിവയുൾപ്പെടെയുള്ള നിരവധി സംഘടനകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

