വ്യാജ വാർത്ത പ്രസിദ്ധീകരിച്ചെന്ന്; ബി.ജെ.പി ഐ.ടി സെൽ തലവന്‍റെ പരാതിയിൽ 'ദ വയറി'നെതിരെ കേസ്
text_fieldsന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ ഓൺലൈൻ മാധ്യമമായ 'ദ വയറി'നെതിരെ ഡൽഹി പൊലീസ് കേസെടുത്തു. വ്യാജ രേഖകളുണ്ടാക്കി അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി.
നേരത്തെ വയറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ നൽകുമെന്ന് അമിത് മാളവ്യ അറിയിച്ചിരുന്നു. സാമൂഹിക മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്തു നൽകി എന്ന തരത്തിൽ ദ വയർ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ശനിയാഴ്ചയാണ് ദ വയറിനെതിരെയും വാർത്ത നൽകിയ പത്രപ്രവർത്തകർക്കെതിരെയും പരാതി നൽകിയത്.
അഭിഭാഷകരുമായി കൂടിയാലോചിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ശേഷമാണ ക്രിമിനൽ, സിവിൽ നടപടികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്ന് മാളവ്യ പറഞ്ഞു. തന്‍റെ സ്വാധീനം ഉപയോഗിച്ച് മാളവ്യ 700ലധികം പോസ്റ്റുകൾ നീക്കം ചെയ്തെന്നായിരുന്നു വാർത്ത. എന്നാൽ, മാധ്യമ സ്ഥാപനം നൽകിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു.
അമിത് മാളവ്യക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ പ്രത്യേക അനുവാദം നൽകിയിട്ടുണ്ടെന്നായിരുന്നു ദി വയറിന്‍റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. വാര്‍ത്ത വിവാദമായതിന് പിന്നാലെ മെറ്റ ഈ അവകാശവാദം നിഷേധിക്കുകയും ദ വയറിന്റെ റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

