Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പൊലീസ് അതിക്രമം: ‘പ്രതിഷേധക്കാരെ മർദ്ദിച്ച ഉദ്യോഗസ്ഥരെ വെറുതെ വിടില്ല’; എൻ.എസ്.യു പ്രവർത്തകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും കോൺഗ്രസ് എം.പിമാരും

text_fields
bookmark_border
ഡൽഹി പൊലീസ് അതിക്രമം: ‘പ്രതിഷേധക്കാരെ മർദ്ദിച്ച ഉദ്യോഗസ്ഥരെ വെറുതെ വിടില്ല’; എൻ.എസ്.യു പ്രവർത്തകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും കോൺഗ്രസ് എം.പിമാരും
cancel

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധ സമരം നടത്തിയ എൻ.എസ്.യു പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസിന്റെ ക്രൂരമർദ്ദനം. സംഭവത്തിൽ പൊലീസിന് ശക്തമായ മുന്നറിയിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പൊലീസിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുകുത്തില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർഥിനികളോടൊപ്പം ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുൽ ഗാന്ധി. പ്രതിഷേധക്കാരെ മർദ്ദിച്ച ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും, അതിക്രമത്തിന്റെ തെളിവുകൾ കൈവശമുള്ളവർ തനിക്ക് അയച്ചുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി ക്യാമ്പസിലോ സമരമുഖത്തോ അല്ല, സഞ്ചരിക്കുന്ന പൊലീസ് ബസിലിട്ടാണ് ക്രൂരമർദ്ദനം നടന്നതെന്ന് ആതിര പറഞ്ഞു. യൂനിഫോം ധരിച്ചവരും അല്ലാത്തവരുമായ പൊലീസുകാർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നു. ‘നിങ്ങൾ കുറച്ചുപേർ കാരണം ഞങ്ങൾക്ക് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല’ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പോലും വെറുതെവിട്ടില്ല. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും, ചിലരെ മുസ്‌ലിം എന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ആതിര പറഞ്ഞു.

പൊലീസ് ബസിനുള്ളിൽ വെച്ച് സ്വകാര്യ ഭാഗങ്ങളിലടക്കം ക്രൂരമായ മർദ്ദനമേറ്റുവെന്ന് ഋതുബാലയുടെ പറഞ്ഞു. സിവിൽ വേഷത്തിലെത്തിയ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളായിരുന്നു. ചഞ്ചൽ യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഈ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഇത്തരം മർദ്ദനങ്ങൾക്കൊണ്ട് തങ്ങളുടെ സമരവീര്യത്തെ തളർത്താമെന്ന് കരുതേണ്ടതില്ലെന്നും സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എം.പിമാരായ കെ.സുധാകരനും ഷാഫി പറമ്പിലും രംഗത്തെത്തി. ഡൽഹി പൊലീസ് മനുഷ്യന്മാരാണോയെന്ന് സംശയമുണ്ടെന്ന് കെ.സുധാകരൻ എം.പി പ്രതികരിച്ചു. ആശുപത്രിയിൽ നേരിട്ടെത്തി പരിക്കേറ്റ പെൺകുട്ടിയെ സന്ദർശിച്ച അദ്ദേഹം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

സി.സി.ടി.വി ക്യാമറകൾ ഇല്ലാത്ത പൊലീസ് സ്റ്റേഷന്റെ ബേസ്‌മെന്റിൽ വെച്ചാണ് പെൺകുട്ടികൾക്ക് മർദ്ദനമേറ്റതെന്നും, വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഷാഫി പറമ്പിൽ എം.പിയും വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police Excess: Rahul Gandhi Says Officers Who Beat Protesters Won't Be Spared
Next Story