Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യരുത്’; പള്ളിയിൽ കയറി ഡൽഹി പൊലീസിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
Delhi Police
cancel
camera_alt

ഡൽഹി പൊലീസ് പഴയ ഡൽഹിയിലെ മസ്ജിദിൽ കയറി മുന്നറിയിപ്പ് നൽകുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി പഴയ ഡൽഹിയിലെ മുസ്‌ലിം പള്ളിയിലെത്തിയ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടു. പള്ളിയിലെ മൈക്ക് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ജനങ്ങളെ അഭിസംബോധന ചെയ്തത്. തങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കുട്ടികളെയോ അനാവശ്യമായി ജനക്കൂട്ടത്തിൽ പങ്കുചേരാനോ ജന്തർമന്തറിലെ പ്രതിഷേധത്തിന് പോകാനോ അനുവദിക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കിയ 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (എസ്.ഐ.ആർ) പ്രക്രിയയിൽ വൻ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് 'സിജെപി' (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. 'ജന്തർമന്തർ 2.0' എന്ന് പേരിട്ടിരിക്കുന്ന സമരത്തിന്റെ പ്രധാന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കുക എന്നതാണ്. അതോടൊപ്പം ക്രിമിനൽ കേസെടുക്കണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തുടനീളം 13 കോടിയോളം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ബോധപൂർവ്വം നീക്കം ചെയ്തെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ മാത്രം 40 ലക്ഷം പേരെ അനധികൃതമായി ഉൾപ്പെടുത്തിയെന്നും സിജെപി ആരോപിക്കുന്നു. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലത്തിൽ നിന്ന് 40,000 വോട്ടർമാരെയും, തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷത്തോളം വോട്ടർമാരെയും വെട്ടിമാറ്റിയെന്ന് സിജെപി സ്ഥാപകനായ അഭിജീത് ദീപ്കെ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നയം യഥാർഥത്തിൽ 'ഒരു രാജ്യം, ഒരു പാർട്ടി' എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടുത്തിടെ മുംബൈയിലെ ശിവാജി പാർക്കിലും, ബംഗളൂരുവിലെ ഫ്രീഡം പാർക്കിലും സിജെപിയുടെ നേതൃത്വത്തിൽ സമാനമായ പ്രതിഷേധ റാലികൾ നടന്നിരുന്നു,. ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ്, പ്രമുഖ യൂട്യൂബർ ധ്രുവ് രാഠി തുടങ്ങിയവരും പങ്കെടുത്തു. ഈ ജനകീയ മുന്നേറ്റത്തിന്റെ തുടർച്ചയായാണ് ഒക്ടോബർ 10ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ സിജെപി ആഹ്വാനം ചെയ്തത്. എന്നാൽ, ജന്തർമന്തറിലെ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഇതിന് പുറമെ ന്യൂഡൽഹിയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) വകുപ്പ് 163 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പള്ളിയിൽ കയറി ജനങ്ങളെ വിലക്കുന്ന ഡൽഹി പൊലീസിന്റെ നടപടിയെ ആം ആദ്മി പാർട്ടി (എഎപി) രൂക്ഷമായി വിമർശിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തങ്ങളുടെ പോരാട്ടമെന്ന് പ്രഖ്യാപിച്ച പ്രതിഷേധക്കാർ, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ പുതിയ നിയമന രീതികൾ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police Appeal in Mosque: Stay Away from Jantar Mantar Protest
Next Story