ഡൽഹിയിൽ വീണ്ടും നേതാക്കൾ അറസ്റ്റിൽ: ഫ്രറ്റേണിറ്റി പ്രസിഡന്റ് റമീസ് ഇ.കെയും ലുബൈബ് ബഷീറും കസ്റ്റഡിയിൽ; സമരം തുടരുമെന്ന് പ്രഖ്യാപനം
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വിവാദമായ 'എസ്.ഐ.ആർ' നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസിന്റെ കൂട്ട അറസ്റ്റ് തുടരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ, ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, കേരള സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ എൻ.കെ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തഷ്‌രീഫ് കെ.പി എന്നിവരുൾപ്പെടെയുള്ള മുൻനിര നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി അൽഫൗസ് ആസ്മി, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പ്രമുഖ നേതാക്കൾക്കെതിരെ വീണ്ടും നടപടിയുണ്ടായിരിക്കുന്നത്.
'പോലീസ് ഭീകരതയ്ക്ക് വഴങ്ങില്ല; പോരാട്ടം തെരുവിൽ തുടരും'
അറസ്റ്റുകൾ കൊണ്ടോ ഭരണകൂട ഭീകരത കൊണ്ടോ തങ്ങളെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്ന് കസ്റ്റഡിയിലായ നേതാക്കൾ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുകയും വിവാദമായ എസ്.ഐ.ആർ റദ്ദാക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തെരുവിൽ തന്നെ തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യാൻ ഇടയാക്കിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന എസ്.ഐ.ആർ പ്രക്രിയ റദ്ദാക്കുക, തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത വീണ്ടെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥി -യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും ദേശീയ തലസ്ഥാനത്ത് സമരം ശക്തമാക്കിയിരിക്കുന്നത്. ജന്തർമന്തറിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാൻ ഡൽഹി അതിർത്തികളിലും മെട്രോ സ്റ്റേഷനുകളിലും പോലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ മറികടന്നാണ് നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

