ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിന് കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്
text_fieldsഡൽഹി സേക്രഡ് ഹാർട്ട് ദേവാലയം
ന്യൂഡൽഹി: ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിന് ഓശാന ഞായർ ദിനത്തിൽ കുരിശിന്‍റെ വഴി പ്രദക്ഷിണം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചു. ഡൽഹി ആർച്ച് ബിഷപ്പിന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
'ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ, പ്രദക്ഷിണം റദ്ദാക്കുകയാണ്. എങ്കിലും ഉച്ചയ്ക്ക് 2.30ന് കത്തീഡ്രൽ വളപ്പിൽ കുരിശിന്റെ വഴി സംഘടിപ്പിക്കും. എല്ലാവരെയും കത്തീഡ്രലിലേക്ക് ക്ഷണിക്കുന്നു' - ഡൽഹി ആർച്ച് ബിഷപ്പ് അറിയിച്ചു.
ഓൾഡ് ഡൽഹിയിലുള്ള സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. രാവിലെ കുരിശിന്‍റെ വഴി പ്രദക്ഷിണം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനുള്ള അനുമതിക്കായി ഡൽഹി പൊലീസിന് അപേക്ഷ നൽകിയിരുന്നു.
എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി വളരെ വൈകി ലഭിക്കുകയായിരുന്നു. എന്താണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇവിടെ പ്രദക്ഷിണം നടന്നിരുന്നതാണ്. ക്രിസ്ത്യൻ ആഘോഷവേളകളിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ സന്ദർശിക്കാറുള്ള പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

