ഡൽഹി കലാപം ആസൂത്രിതമെന്ന് പൊലീസ്; ജാമ്യാപേക്ഷയിൽ വാദം തുടരുന്നു
text_fieldsസുപ്രീംകോടതി
ഡൽഹി: 2020 ലെ ഡൽഹി കലാപം ആസൂത്രിതവും മുൻകൂട്ടി നിശ്ചയിച്ചതുമാണെന്ന് ഡൽഹി പൊലീസ്. കലാപത്തെ തുടർന്ന് തടവിലാക്കപ്പെട്ട ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആരോപണം.
ഡൽഹി കലാപം സ്വാഭാവിക കലാപമായിരുന്നില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും തുഷാർ മേത്ത പറഞ്ഞു. സി.എ.എ വിരുദ്ധ റാലിയിൽ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിരുന്നതായും ഇന്ത്യയെയും ഉത്തരേന്ത്യയെയും വിഭജിച്ച് മുസ്‍ലിംകളെ ഒന്നിപ്പിക്കാൻ ശ്രമിച്ചുവെന്നും മേത്ത വാദിച്ചു.
ഇത് തെളിയിക്കുന്നതിനായുള്ള വാട്സ്ആപ് സന്ദേശങ്ങളും ചിത്രങ്ങളും പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാക്കുമെന്നും മേത്ത അവകാശപ്പെട്ടു. കുറ്റാരോപിതർ കോടതിയിൽ നിരന്തരം അപേക്ഷകൾ സമർപ്പിച്ചതാണ് വിചാരണ നിന്നു പോകാൻ കാരണമെന്നും ആറ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
എന്നാൽ, പ്രതിഷേധം സംഘടിപ്പിക്കുന്നതോ അതിൽ പങ്കെടുക്കുന്നതോ ക്രിമിനൽ നടപടിയായി കണക്കാക്കാനാവില്ലെന്ന് ശദാബ് അഹ്മദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വാദിച്ചു. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിനിടെ വനിത പ്രതിഷേധക്കാരെ പിന്തുണച്ചതിനും ചാന്ദ് ബാഗിലെ റോഡ് ഉപരോധിച്ചതിനുമാണ് ശദാബ് അസ്റ്റിലായത്. പ്രതിഷേധവും ഗൂഢാലോചനയും തമ്മിലുള്ള വ്യത്യാസം അംഗീകരിക്കണമെന്നും സമാധാനപരമായ വിയോജിപ്പും പ്രതിഷേധവും കുറ്റകൃത്യങ്ങളായി മാറിയാൽ ജനാധിപത്യത്തിന്റെ അടിത്തറയെ ബാധിക്കുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിൽ അടക്കപ്പെട്ട പൗരത്വ സമര വിദ്യാർഥി നേതാക്കളും ആക്ടിവിസ്റ്റുകളുമായ ഉമർ ഖാലിദ്, ശർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ശദാബ് അഹ്മദ് തുടങ്ങി ആറു പേരുടെ ജാമ്യേപക്ഷയിൽ സുപ്രീംകോടതിയിൽ വാദം നടക്കുകയാണ്. ഇവരുടെ ജാമ്യത്തെ എതിർത്തുള്ള പൊലീസ് വാദത്തിലാണ് കലാപം ആസൂത്രിതമാണെന്ന് മേത്ത വാദിച്ചത്.
ജാമ്യം നിഷേധിച്ചുള്ള സെപ്റ്റംബർ രണ്ടിലെ ഡൽഹി ഹൈകോടതി വിധിക്കെതിരെ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിലെ സൂത്രധാരർ എന്നാരോപിച്ചാണ് ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനും കലാപം സൃഷ്ടിച്ചതിനുമെതിരെയുള്ള കേസുകൾ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

