Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15.71 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പ്; വൻ ശൃംഖല തകർത്ത് ഡൽഹി പൊലീസ്, 9 പേർ അറസ്റ്റിൽ

text_fields
bookmark_border
15.71 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പ്; വൻ ശൃംഖല തകർത്ത് ഡൽഹി പൊലീസ്, 9 പേർ അറസ്റ്റിൽ
cancel

ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പിനും മ്യൂൾ ബാങ്ക് അക്കൗണ്ടുകൾക്കും ഉപയോഗിക്കുന്ന രാജ്യത്തുടനീളം വ്യാപിച്ച സൈബർ തട്ടിപ്പ് ശൃംഖല തകർത്ത് ഡൽഹി പൊലീസ്. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 34 പരാതികളിൽ 15.71 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇടപാടുകളുമായി ശൃംഖലക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഏഴ് സൈബർ തട്ടിപ്പ് കേസുകളിലായി ഏകദേശം 2.70 കോടി രൂപയുടെ തട്ടിപ്പും കണ്ടെത്തി. ശൃംഖലക്ക് വിദേശ ബന്ധങ്ങളുണ്ടെന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ന്യൂഡൽഹിയിലെ പാലം കോളനി സ്വദേശിയുടെ പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്. നിക്ഷേപം പഠിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരാതിക്കാരനെ ചേർത്ത പ്രതികൾ മാർക്കറ്റ് അനലിസ്റ്റുകളും നിക്ഷേപ വിദഗ്ധരുമായാണ് പരിചയപ്പെടുത്തിയത്. വ്യാജ ട്രേഡിങ് സെഷനുകളും വിജയകഥകളും നിക്ഷേപത്തിൽ ലഭിച്ചതായി കാണിക്കുന്ന സ്ക്രീൻഷോട്ടുകളും ഉപയോഗിച്ച് വിശ്വാസം നേടിയ ശേഷം വ്യാജ ട്രേഡിങ് ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കാൻ പരാതിക്കാരനെ പ്രേരിപ്പിക്കുകയായിരുന്നു.

പരാതിക്കാരൻ വിവിധ ബാങ്കിങ് മാർഗങ്ങളിലൂടെ 4.82 ലക്ഷം രൂപ കൈമാറി. തുടർന്ന് ഏകദേശം 7.81 ലക്ഷം രൂപയുടെ ഓഹരി വിപണനത്തിന്‍റെ പേരിൽ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയതിനെ തുടർന്ന് എൻ.സി.ആർ.പിയിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധം കണ്ടെത്തി. ഷെൽ സ്ഥാപനങ്ങളുടെ പേരിൽ തുറന്ന അക്കൗണ്ടുകളിലൂടെ പണം പല ഘട്ടങ്ങളായി കൈമാറിയതായും പൊലീസ് പറഞ്ഞു. അക്കൗണ്ട് വിവരങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചിരുന്നതായും കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി എട്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും വാട്സ്ആപ്പ് ചാറ്റുകൾ, ബാങ്കിങ് രേഖകൾ, കെ.വൈ.സി രേഖകൾ, അക്കൗണ്ട് വിവരങ്ങൾ, ഇടപാട് രേഖകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും ഫോണുകളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ശൃംഖലയുമായി ബന്ധമുള്ള മറ്റ് 27 എൻ.സി.ആർ.പി പരാതികളും കണ്ടെത്തിയിട്ടുണ്ട്. വിദേശബന്ധങ്ങളും മറ്റ് സഹായികളുടെ പങ്കും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സൈബർ തട്ടിപ്പ് ശൃംഖല തകർത്തു
Next Story