പൊലീസിന് ബോഡി ക്യാമറ വേണോ?; തീരുമാനം സർക്കാരിന് വിട്ട് ഡൽഹി ഹൈക്കോടതി
text_fieldsന്യൂഡൽഹി: ജനക്കൂട്ട നിയന്ത്രണത്തിനും പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിയോഗിക്കുന്ന ഡൽഹി പൊലീസിനും റാപ്പിഡ് ആക്ഷൻ ഫോഴ്സിനും ബോഡി വോൺ ക്യാമറ നിർബന്ധമാക്കണമെന്ന ഹരജിയിൽ ഉത്തരവിടാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. വിഷയത്തിൽ തീരുമാനം കേന്ദ്രസർക്കാരിന് വിട്ട കോടതി പൊതുതാൽപര്യ ഹരജി ഒരു നിവേദനമായി പരിഗണിച്ച് ആറ് മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ന്യൂഡൽഹി മേഖലയിൽ ഫ്രണ്ട്ലൈൻ പൊലീസിന് ബോഡി ക്യാമറ നൽകി തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കോടതി നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള റോഡുകളിലും പ്രതിഷേധ സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കാണ് പ്രധാനമായും ക്യാമറകൾ നൽകുന്നത്.
ജനക്കൂട്ട നിയന്ത്രണം, പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യൽ, പിരിച്ചുവിടൽ തുടങ്ങിയ ഡ്യൂട്ടികൾക്ക് നിയോഗിക്കുന്ന ഓരോ പൊലീസ്-ആർ.എ.എഫ് ഉദ്യോഗസ്ഥനും ബോഡി ക്യാമറ ധരിക്കുകയും തുടർച്ചയായി പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഉറപ്പാക്കുന്ന മാനദണ്ഡങ്ങൾ ഉണ്ടാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഡ്യൂട്ടി ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ ക്യാമറ പ്രവർത്തിക്കണമെന്നും ഹരജിയിൽ പറയുന്നു. സാങ്കേതികവിദ്യ ലഭ്യമാണെന്നും ഇത് ഉപയോഗിക്കുന്നത് ക്രമസമാധാന നടപടികളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുമെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി നിർബന്ധിത ഉത്തരവ് പുറപ്പെടുവിച്ചില്ല.
അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ഫ്രണ്ട്ലൈനിലെ ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറ നൽകിയത്. സംഭവങ്ങളുടെയും പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഇടപെടലുകളുടെയും തത്സമയ റെക്കോർഡ് ഇതുവഴി ലഭിക്കും. ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നാൽ അധിക തെളിവായും ഇത് ഉപയോഗിക്കാം.
വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുമ്പോൾ ഇരുഭാഗത്തുനിന്നും ആരോപണങ്ങൾ ഉയരാറുണ്ടെന്നും പ്രതിഷേധത്തിനിടെ എന്താണ് സംഭവിച്ചതെന്ന് സ്ഥാപിക്കാൻ റെക്കോർഡിംഗുകൾ സഹായിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ന്യൂഡൽഹി, സെൻട്രൽ ഡൽഹി, നോർത്ത് ഡൽഹി എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിരവധി പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. നിരോധിത മേഖലകളിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കുന്നത് തടയാൻ പലയിടങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒക്ടോബർ 2-ന് ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ബോഡി ക്യാമറ നീക്കത്തിന് പ്രാധാന്യമേറുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാണ് പരാതി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപണമുണ്ട്.പരാതികൾ ന്യൂഡൽഹി ജില്ലാ പൊലീസിന് ലഭിക്കുകയും നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
പരാതിക്കാരുടെയും ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തും. പരാതികളെ തുടർന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകരും മറ്റുള്ളവരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

