ചെങ്കോട്ടയിൽ കോൺഗ്രസ് പ്രതിഷേധം വിലക്കി ഡൽഹി പൊലീസ്; മുതിർന്ന നേതാക്കളടക്കം കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ചെങ്കോട്ടയിൽ കോൺഗ്രസ് പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധത്തിന് എത്തിയ മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മുൻകൂട്ടി അനുമതി വാങ്ങിയില്ല എന്ന് കാട്ടിയാണ് ഡൽഹി പൊലീസ് പ്രതിഷേധം വിലക്കിയത്.
ചെങ്കോട്ടയിൽനിന്ന് രാജ്ഘട്ടിലേക്ക് പന്തം കൊളുത്തി പ്രകടനമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. മുൻകൂടി ഡൽഹി പൊലീസിനെ അറിയിച്ചിരുന്നെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ ഈ പ്രദേശത്ത് നിലവിൽ അനുമതി നൽകുക സാധ്യമല്ലെന്നും ജാഥ കടന്നുപോകുന്ന പല സ്ഥലങ്ങളിലും നിരോധനാജ്ഞയുള്ളതിനാൽ കൂട്ടം കൂടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ്.
മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് നേതാവ് ജെ.പി. അഗർവാൾ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് രാജ്ഘട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. ബുധനാഴ്ച ആരംഭിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നോടിയായിട്ടായിരുന്നു പന്തം കൊളുത്തി ജാഥ. ഇതിനായി കേരളത്തിൽ നിന്നടക്കമുള്ള എം.പിമാരോട് ഡൽഹിയിൽ തങ്ങാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

