മലയാളി മാധ്യമപ്രവർത്തകർക്കെതിരായ ഡൽഹി പൊലീസ് അതിക്രമം സുപ്രീംകോടതി സമിതിക്ക്
text_fieldsന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും സമരങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനിടയില ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമം സംബന്ധിച്ച പരാതികൾ സുപ്രീംകോടതി സമിതി പരിശോധിക്കും. വിദ്യാർഥികൾക്കും സമരക്കാർക്കും നേരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നേരത്തേ നിയോഗിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതി ഹരജിക്കാരായ കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സമർപ്പിച്ച പരാതികൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
സുഹൈൽ മുഹമ്മദ്, വി.എസ്. രാഹുൽ (24 ന്യൂസ്), സജിൻ (ഏഷ്യാനെറ്റ് ന്യൂസ്), റോഷ്നി രാജൻ, ഫർസാന (റിപ്പോർട്ടർ ടി.വി), വിഷ്ണുപ്രസാദ് (മാതൃഭൂമി), മിജി പി. ജോസ് (മനോരമ ന്യൂസ്) എന്നീ ഏഴ് മലയാളി മാധ്യമപ്രവർത്തകരെ അന്യായമായി തടങ്കലിൽ വെച്ചതിലും കൈയേറ്റം ചെയ്തതിലും സമിതിക്ക് മുമ്പാകെ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. മാധ്യമ പ്രവർത്തകർ സമർപ്പിച്ച ഹരജിയിലെ ആരോപണങ്ങൾ പരിഗണിക്കാതെയുള്ള എതിർ സത്യവാങ്മൂലമാണ് ഡൽഹി പൊലീസ് സമർപ്പിച്ചതെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി.വി. ദിനേശ് ബോധിപ്പിച്ചു.
മാധ്യമപ്രവർത്തകർക്കെതിരെ അമിത ബലപ്രയോഗം നടന്നിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുകയും അന്യായമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെയും പൊലീസിനെതിരെയും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം. സംഭവത്തിൽ കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും കോടതി നോട്ടീസ് നൽകിയിരുന്നു.

