ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ
text_fieldsന്യൂഡൽഹി: ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിലായി. ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാഫി ഉജാമ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാനവാസാണ് പിടിയിലായത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേരും പിടിയിലായിട്ടുണ്ട്. മുഹമ്മദ് ഷാനവാസിന്റെ തലക്ക് എൻ.ഐ.എ മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്നു.
എൻ.ഐ.എയുമായി സഹകരിച്ച് പ്രവർത്തിച്ചാണ് ഡൽഹി പൊലീസ് ഭീകരരെ പിടികൂടിയത്. എൻജിനീയറായ ഷാനവാസ് പുനെ ഐ.എസ് കേസിലെ പ്രതിയാണ്. ഡൽഹി സ്വദേശിയായ ഇയാൾ പുനെ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിരവധിപ്പേർ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാൽ, ഇവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കേസിൽ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഷാനവാസും മറ്റുള്ള രണ്ട് പേരും ചേർന്ന് സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് പുനെ പൊലീസ് പിടിയിലായത്. എന്നാൽ, ഇവരെ താമസസ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.