അനധികൃത കുടിയേറ്റ റാക്കറ്റെന്ന്; പതിനൊന്ന് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തെ കണ്ടെത്തിയതായി അവകാശപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഇതിൽ അഞ്ചുപേർ ബംഗ്ലാദേശ് പൗരന്മാരാണെന്നും മറ്റുള്ളവർ വ്യാജരേഖകൾ ഉണ്ടാക്കുന്നതിൽ പങ്കുള്ളവരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.
രാജ്യതലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഡൽഹി പൊലീസ്. കൃത്യമായ രേഖകളില്ലാതെ നഗരത്തിൽ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ ലക്ഷ്യമിട്ട് രണ്ട് മാസത്തെ പ്രത്യേക ഓപറേഷൻ ആരംഭിക്കാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ചീഫ് സെക്രട്ടറിക്കും പൊലീസ് കമീഷണർക്കും നിർദേശം നൽകിയിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിച്ചവർ, ആധാർ ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഈ സംഘത്തിൽ ഉൾപ്പെടുന്നതായും വ്യാജ ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, മറ്റ് വ്യാജ രേഖകൾ എന്നിവ അനധികൃത പ്രവേശനം സുഗമമാക്കാൻ പ്രതികൾ നൽകിയതായും ഡെപ്യൂട്ടി പോലീസ് കമീഷണർ അങ്കിത് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. കുടിയേറ്റക്കാർ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ കാട്ടുവഴികളും എക്സ്പ്രസ് ട്രെയിനുകളും ഉപയോഗിച്ചുവെന്നും വ്യാജ വെബ്‌സൈറ്റുകൾ വഴി നിർമിച്ച വ്യാജ രേഖകൾ വഴിയാണ് പ്രതികൾ ഇത് സാധ്യമാക്കിയതെന്നും ചൗഹാൻ അവകാശപ്പെട്ടു.
1000ലധികം പേരെ സംഘം തിരിച്ചറിഞ്ഞതായും കാളിന്ദി കുഞ്ച്, ഹസ്രത്ത് നിസാമുദ്ദീൻ പ്രദേശങ്ങളിൽ നിന്ന് രണ്ട് പേരെ പിടികൂടിയതായും ഡെപ്യൂട്ടി പൊലീസ് കമീഷണർ രവികുമാർ സിങ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശിലെ സിൽഹത്തിൽ നിന്നുള്ള അഹദ്, ജോലി അന്വേഷിച്ച് ഒരു ബംഗ്ലാദേശി ഏജന്റിന്റെ സഹായത്തോടെ ഡിസംബർ 6ന് ഡൽഹിയിലേക്ക് കടന്നതായി വെളിപ്പെടുത്തി.
ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സാധുവായ രേഖകൾ ഇല്ലാതെ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയാനും തടങ്കലിൽ വെക്കാനുമുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയതായാണ് വിവരം. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന 175 വ്യക്തികളെ ഡൽഹിക്ക് പുറത്തു നടത്തിയ വിപുലമായ പരിശോധനയിൽ തിരിച്ചറിഞ്ഞുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

