ഭൂരിപക്ഷം തികക്കാൻ ബി.ജെ.പി, നിയമസഭയിലെ തോൽവിക്ക് മറുപടി നൽകാൻ ആം ആദ്മി പാർട്ടി; ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി ആതിഷിയും മുഖ്യമന്ത്രി രേഖാ ഗുപ്തയും
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ (എം.സി.ഡി) 12 വാർഡുകളിലേക്ക് പുതിയ കൗൺസിലർമാരെ തിരഞ്ഞെടുക്കാനുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ സർക്കാരിൻ്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു പൊതുജനാഭിപ്രായ തെരഞ്ഞെടുപ്പായിട്ടാണ് വിദഗ്‌ദ്ധർ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ, തെരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയും ആം ആദ്മി പാർട്ടിയും കടുത്ത മത്സരമായിരുന്നു കാഴ്ചവെച്ചത്. ബി.ജെ.പിയുടെ പ്രചാരണത്തിന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും അരവിന്ദ് കെജ്‌രിവാളിന്റെ അഭാവത്തിൽ മുൻ മുഖ്യമന്ത്രി ആതിഷിയുമാണ് ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഇരുപാർട്ടികളിലെയും മുതിർന്ന നേതാക്കൾ പ്രചാരണത്തിൽ പങ്കെടുത്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 12 സീറ്റുകളിലേക്കാണ്. ഇതിൽ 53 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. നിലവിൽ 12 വാർഡുകളിൽ 9 വാർഡുകളിലും ബി.ജെ.പി കൗൺസിലൻമാരാണ് ഉണ്ടായിരുന്നത്. 250 സീറ്റുകളുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 115 കൗൺസിലർമാരും ബി.ജെ.പി പ്രതിനിധികളാണ്. കേവല ഭൂരിപക്ഷമായ 125 സീറ്റുകളിലേക്കെത്താൻ ബി.ജെ.പിക്ക് 10 സീറ്റുകൾ കൂടെ ആവിശ്യമാണ്. 2022 ഡിസംബറിലാണ് 250 സീറ്റുകളിലേക്കുള്ള അവസാനത്തെ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടന്നത്.
എ.എ.പിക്കും കോൺഗ്രസിനും ഇന്നത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ്. നിലവിൽ 99 കൗൺസിലർമാരുണ്ട് ആം ആദ്മി പാർട്ടിക്ക്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽ നിന്നും ഡൽഹി നിയമസഭ ബി.ജെ.പി പിടിച്ചെടുത്തിരുന്നു. ബി.ജെ.പിയും എ.എ.പിയും ആധിപത്യം പുലർത്തുന്ന കോപറേഷനിൽ കുറച്ച് വാർഡുകളിലെങ്കിലും വിജയിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ 12 മാസത്തിനിടെ പാർലമെൻ്റിലേക്കും ഡൽഹി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ അഭാവത്തിലാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മുഖ്യമന്ത്രി രേഖാ ഗുപ്ത ഉൾപ്പെടെ 11 കൗൺസിലർമാർ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

