ഡൽഹി മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാർട്ടി വിട്ടു; വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എ.എ.പി പരാജയപ്പെട്ടെന്ന് വിമർശനം
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ ഡൽഹി രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോണങ്ങളുയർത്തി മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗഹ് ലോട്ട് പാർട്ടിയിൽനിന്നും മന്ത്രിസഭയിൽനിന്നും രാജിവെച്ചു. ഇതിന് തൊട്ടുപിന്നാലെ, മുൻ ബി.ജെ.പി എം.എം.എ അനിൽ ഝാ ബി.ജെ.പിയിൽനിന്ന് രാജിവെച്ച് ആം ആദ്മി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ കഴിവില്ലായ്മയും നയപരമായ വീഴ്ചകളുമാണ് രാജിക്ക് കാരണമെന്ന് ഝാ പറഞ്ഞു. ഡൽഹിയിൽ രണ്ടുവട്ടം ബി.ജെ.പിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ ആളാണ് ഝാ.
ഡൽഹി സർക്കാറിൽ ഗതാഗതം, ഐ.ടി, വനിത -ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളാണ് ഗഹ് ലോട്ട് കൈകാര്യം ചെയ്തിരുന്നത്. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാലത്ത് പാർട്ടി നേരിട്ട വിവാദങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി അതിഷി മർലേനക്കും പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനും അയച്ച കത്തിൽ ഗഹ് ലോട്ട് പറഞ്ഞു.
ബി.ജെ.പി നോട്ടമിട്ട കൈലാഷ് ഗഹ് ലോട്ടിന് അവർക്കൊപ്പം പോകുകയല്ലാതെ മറ്റു വഴികളില്ലായിരുന്നുവെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റും ആദായ നികുതിവകുപ്പുമാണ് അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് എത്തിച്ചത്. കേന്ദ്ര ഏജൻസികൾ നിരവധി തവണ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.
ഝായുടെ എ.എ.പി പ്രവേശനം തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയാധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഗഹ് ലോട്ട് പാർട്ടി വിട്ടതോടെ ആം ആദ്മിയുടെ പതനം പൂർണമായെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

