ബി.ജെ.പി ഗുണ്ടകളെ അയക്കുന്നുവെന്ന് അഭിജീത് ദിപ്കെ, മെട്രോ സ്റ്റേഷനുകൾ അടച്ചു; പ്രതിഷേധം ശക്തമാക്കാൻ സി.ജെ.പി
text_fieldsഡൽഹിയിൽ നടക്കുന്ന സി.ജെ.പിയുടെ പ്രതിഷേധത്തിൽ നിന്ന്
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി തുടരുന്ന പ്രതിഷേധം പരിസരങ്ങളിലേക്കും വ്യാപിച്ച് ശക്തിപ്രാപിച്ചതോടെ തടയാൻ നീക്കവുമായി പൊലീസ്. കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഡൽഹി മെട്രോ റെയിൽ സർവിസുകൾ നിർത്തിവെച്ചു.
വ്യാഴാഴ്ച രാവിലെ 7.30 മുതൽ അടുത്ത നിർദേശം ലഭിക്കുന്നതുവരെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് നിർദേശം. രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, സുപ്രീംകോടതി തുടങ്ങിയ പ്രധാന സ്റ്റേഷനുകളാണ് അടച്ചത്. സമരവേദിയിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറക്കാനാണ് ഈ തന്ത്രം. ജന്തർ മന്തർ പരിസരത്ത് കഴിഞ്ഞ ദിവസം തന്നെ ഇന്റർനെറ്റ് സേവനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം, സമരം അട്ടിമറിക്കാൻ ബി.ജെ.പി പുറത്തുനിന്ന് ഗുണ്ടകളെ അയക്കുകയാണെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ആളുകളെ പ്രകോപിപ്പിക്കാനാണ് ഈ നീക്കം. ‘പൊലീസ് ഇവിടെ കല്ലുകൾ നിറച്ച ലോറികൾ കൊണ്ടുവരുന്നു. ബി.ജെ.പി ഗുണ്ടകൾ എത്തി കല്ലെറിയുകയും പിന്നീട് സി.ജെ.പി പ്രവർത്തകരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു.’ -അഭിജീത് കൂട്ടിച്ചേർത്തു.
ഒരു മാസമായി ജന്തർ മന്തറിൽ സമരം നടത്തുകയാണെന്നും ഇത്രയും കാലത്തിനിടെ കല്ലെറിയൽ പോലുള്ള സംഭവങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി സമരക്കാർ കല്ലെറിഞ്ഞുവെന്നാരോപിച്ച് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അഭിജീത് ദീപ്കെ. കല്ലേറിൽ രണ്ട് എ.സി.പിമാർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്.
അതിനിടെ, വ്യാഴാഴ്ച രാവിലെ സമരപരിസരത്ത് പൊലീസ് തകർന്ന കാർ കൊണ്ടുവന്ന് നിർത്തിയതായി സി.ജെ.പി ആരോപിച്ചു. കാറിന്റെ ചില്ലുകളും മറ്റും തകർന്ന നിലയിലുള്ള ദൃശ്യങ്ങളും അവർ പങ്കുവച്ചു. പ്രതിഷേധക്കാരെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടൊന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് അറിയിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ ചർച്ച സാധ്യമല്ലെന്ന് പ്രതിപക്ഷവും അറിയിച്ചിട്ടുണ്ട്.
അതേസമയം, സി.ജെ.പി പ്രതിഷേധത്തെ തുടർന്ന് ഡൽഹി മെട്രോയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ മുൻ മുഖ്യമന്ത്രി അതിഷി കേന്ദ്രസർക്കാറിനെ വിമർശിച്ചു. ജനങ്ങളുടെ യാത്രാ സംവിധാനത്തെ ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിന് പകരം സർക്കാർ ചർച്ചക്ക് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

