ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: 132 സീറ്റിൽ ബി.ജെ.പി മുന്നിൽ, എ.എ.പി 112 സീറ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഫല സൂചന പ്രകാരം ബി.ജെ.പി 132 സീറ്റുകളിലും എ.എ.പി 112 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 5 സീറ്റിൽ മുന്നിട്ടുനിൽക്കുന്നുണ്ട്.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 250 വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.
ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

