ന്യൂഡല്‍ഹി: 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിലാണ് ഡല്‍ഹി കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനുപുറമെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ജീവപര്യന്തവും, തെളിവുകള്‍ നശിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഏഴ് വര്‍ഷവും തടവ് വിധിച്ചിട്ടുണ്ട്.
ക്രൂരവും നിഷ്ഠൂരവും മാത്രമല്ല, ഭയാനകവുമാണ് കുറ്റകൃത്യമെന്നും അതിനാല്‍ കഠിന ശിക്ഷക്ക് പ്രതി അര്‍ഹനാണെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി പറഞ്ഞു.
2009 മാര്‍ച്ചിലായിരുന്നു സംഭവം. പ്രതിയായ ജീവക് നാഗ്പാലിന് അന്ന് 21 വയസ്സായിരുന്നു പ്രായം. ക്രൂരതക്കിരയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ അയല്‍വാസിയുമായിരുന്നു ഇയാള്‍. മോചനദ്രവ്യമായി 30 ലക്ഷമാണ് ജീവക് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അത് ഏഴ് കോടിയായി ഉയര്‍ത്തുകയും പണം നല്‍കിയില്ലെങ്കില്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പണം ലഭിക്കാന്‍ വൈകുന്ന ഓരോ 15 മിനിറ്റിലും വിരലുകള്‍ ച്ഛേദിക്കുമെന്നതടക്കം നിരവധി ഭീഷണി സന്ദേശങ്ങള്‍ ഇയാള്‍ കുട്ടിയുടെ കുടുംബത്തിന് അയച്ചതും കോടതി ചൂണ്ടിക്കാട്ടി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു. പിന്നീട് തിരച്ചിലിന് കുട്ടിയുടെ കുടുംബത്തോടൊപ്പം ചേരുകയും ചെയ്‌തെന്നും കണ്ടെത്തിയിരുന്നു.