ഡൽഹി അടച്ചിട്ടു; പ്രതിരോധത്തിൽ അണിചേരാൻ ആഹ്വാനം ചെയ്ത് കെജരിവാൾ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. മാർച്ച് 31 വരെ ഡൽഹി അടച്ചിട്ടു. കോവിഡിനെതിരായ പ്രതിരോധത്തിൽ അണിചേരാൻ ഡൽഹി നിവാസികളോട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആഹ്വാനം ചെയ്തു.
'ഡൽഹി ലോക് ഡൗൺ ഇന്ന് തുടങ്ങുകയാണ്. വായുമലിനീകരണത്തിനെതിരെ വാഹന നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങളെയും പിന്തുണച്ചവരാണ് നിങ്ങൾ. കോവിഡ് വ്യാപനത്തിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കാനായി നഗരം അടച്ചിടുമ്പോൾ നിങ്ങൾ സഹകരിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്' -കെജരിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബാലാജിയും ജനങ്ങളോട് അഭ്യർഥനയുമായെത്തി. ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ സാഹചര്യത്തിലല്ലാതെ വീട്ടിന് പുറത്തിറങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. പൊതുഗതാഗതം ഡൽഹിയിൽ തടഞ്ഞിരിക്കുകയാണ്. സംസ്ഥാന അതിർത്തികൾ അടച്ചിട്ടു. കടകളും മറ്റ് വ്യാപാരകേന്ദ്രങ്ങളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊതു, സ്വകാര്യ വാഹനങ്ങൾക്കെല്ലാം നിയന്ത്രണം വന്നിരിക്കുകയാണ്. സ്വകാര്യ ടാക്സികളോ ഓട്ടോറിക്ഷകളോ അനുവദിക്കില്ല. അവശ്യ സർവിസുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്‍റെ 25 ശതമാനം ബസുകൾ സർവിസ് നടത്തും. അവശ്യ സർവിസ് മേഖലയിലുള്ളവർക്ക് ഉപയോഗിക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
