മദ്യനയ അഴിമതിക്കേസ്: സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാകും ഡൽഹി റോസ് അവന്യൂ കോടതിയിൽ മനീഷ് സിസോദിയയെ അന്വേഷണ സംഘം ഹാജരാക്കുന്നത്.
സിസോദിയ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ അറിയിച്ചു. അതേസമയം, അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. അറസ്റ്റിൽ ആം ആദ്മി പാർട്ടി പ്രവർത്തകരും നേതാക്കളും പ്രതിഷേധം ശക്തമാക്കുകയാണ്. ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും ആം ആദ്മി പാർട്ടി ആലോചിക്കുന്നുണ്ട്.
എട്ടുമണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസോദിയ സി.ബി.ഐ ആസ്ഥാനത്ത് എത്തിയത്. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്.